ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. രണ്ടാള്‍ക്കും ഇന്നത്തെ ദിവസം ഇത്തിരി സ്‌പെഷ്യല്‍ ആണ്. 2018ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ റിലീസ് ചെയ്ത് ഇന്നേക്ക് 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.'ക്യാപ്റ്റന്‍' ചിത്രത്തിന് അജ്ഞാതനില്‍ നിന്ന് ലഭിച്ച് അമൂല്യമായ ഒരു സമ്മാനത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍.
പ്രജേഷ് സെന്നിന്റെ വാക്കുകള്‍
വെള്ളത്തിന്റെ ഷൂട്ടിങ് കണ്ണൂരില്‍ നടക്കുകയാണ്.
അന്ന് തളിപ്പറമ്പിനടുത്തുള്ള പൂമംഗലം സ്‌കൂളിലാണ് ലൊക്കേഷന്‍.
ഷൂട്ടിന്റെ തിരക്കുകളില്‍ നില്‍ക്കുന്നതിനിടെ
ഷൂട്ടിങ് കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ നിന്നും
ഒരു മധ്യവയസ്‌കന്‍ അടുത്തുവന്ന് കെട്ടിപ്പിടിച്ചു.
കുറച്ച് സമയം സംസാരിക്കണം എന്നു പറഞ്ഞു.
ക്യാപ്റ്റനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഉള്ളില്‍ തട്ടിയ സിനിമയാണെന്നും ഒരുപാട് തവണ കണ്ടെന്നുംപറഞ്ഞു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും
വികാരവായ്പുകൊണ്ട് അധികമൊന്നും സംസാരിച്ചില്ല.ഒരു കടലാസ് പൊതി കയ്യില്‍ തന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു.തിരക്കൊഴിയുന്‌പോള്‍ വിശദമായി സംസാരിക്കാം ഇവിടെ കാണില്ലേ എന്ന് ഞാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ടോ എന്നറിയില്ല.
ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ ആ പൊതി എവിടെയോ വെച്ച് മറന്നു.
മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല. കുറച്ചുകഴിഞ്ഞ്
യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടുതന്നു. ഞാന്‍ അത് പോക്കറ്റിലിടുകയും ചെയ്തു. രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്.ഒരു സ്വര്‍ണമോതിരമായിരുന്നു അത്. ക്യാപ്റ്റന്റെ പേരില്‍ കിട്ടിയ അമൂല്യ സമ്മാനം.
സത്യേട്ടനോടും ക്യാപ്റ്റനോടുമുള്ള ആ സ്‌നേഹ സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തെ വീണ്ടും
കാണുകയാണെങ്കില്‍ തിരിച്ചുകൊടുക്കണം. ആ സ്‌നേഹത്തേക്കള്‍ വലിയ
സമ്മാനം വേറെന്തുണ്ട് അല്ലേ?
ക്യാപ്റ്റന്റെ ആദ്യ ഷോ കവിത തീയറ്ററില്‍ കണ്ടിറങ്ങിയപ്പോഴും സത്യേട്ടന്റെ ആരാധകനായ ഒരു വൃദ്ധന്‍ ഇതുപോലെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചുപോയ അനുഭവം നേരത്തെ പങ്കുവച്ചിരുന്നല്ലോ.എവിടെപ്പോയാലും ഒരാളെങ്കിലും ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കാതിരിക്കാറില്ല.അങ്ങനെ അപരിചിതരായ നൂറു കണക്കിന് ആളുകളുടെ സ്‌നേഹം ഇപ്പോഴും അനുഭവിക്കുകയാണ്.
മുന്നോട്ടുള്ള യാത്രക്ക് അതുതരുന്ന ഊര്‍ജം ചെറുതല്ല.
ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായനായ, ഫുട്‌ബോള്‍ പ്രേമികളുടെ
ഏറ്റവും പ്രിയങ്കരനായ സത്യേട്ടനോടുള്ള സ്‌നേഹത്തിന്റെ ഒരു
ചെറിയ പങ്കാണ് എനിക്കും കിട്ടുന്നതെന്ന ബോധ്യമുണ്ട്.
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത സത്യേട്ടന്‍ എന്റെ ജീവിതത്തിന്റെയും ഒരു പ്രധാന ഭാഗമാണിന്ന്.
അനിതച്ചേച്ചിയും ,സത്യേട്ടനുമായി അടുപ്പമുള്ള ഓരോരുത്തരും
പറഞ്ഞറിഞ്ഞത് വെള്ളിത്തിരയിലെത്തിച്ചു എന്നതിനപ്പുറം
ഒരു വലിയ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.
സത്യേട്ടന്‍ എപ്പോഴും കൂടെയുണ്ട്.
ഇന്ന് ക്യാപ്റ്റന്‍ ഇറങ്ങി നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ക്യാപ്റ്റന്‍.അനിതേച്ചി, ഗുരുനാഥന്‍ സിദ്ധിഖ് സര്‍,ജയേട്ടന്‍, പ്രൊഡ്യൂസര്‍ ജോബി ചേട്ടനും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സും നന്ദി മനസില്‍ സൂക്ഷിക്കുന്നു.
ആദരണിയനായ മമ്മൂക്ക , ആന്റോ ജോസഫ് ചേട്ടന്‍ അനുസിത്താര, സിദ്ധിക്ക ,റോബി രാജ്, നൗഷാദ്, ബിജിത്ത് , ശ്രീകുമാറേട്ടന്‍ അങ്ങനെ ക്യാപ്റ്റന്‍ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി.
കൂടെ നിന്നവരോട് പിന്തുണച്ചവരോട് ക്യാപ്റ്റനെ നെഞ്ചോട് ചേര്‍ത്ത ആസ്വാദകരോട്ഒരുപാട് സ്‌നേഹം.
ക്യാപ്റ്റന്റെ തിരക്കഥ ലിപി പബ്ലിഷേഴ്‌സ് വഴി പുറത്തിറക്കിയിരുന്നു.
അത് വായിച്ചും ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരോടും നന്ദി.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വെള്ളം വിജയപ്പിച്ചതും പ്രിയപ്പെട്ട പ്രേക്ഷകരാണ്.
പുതിയ ചിത്രങ്ങളായ മേരി ആവാസ് സുനോയും സീക്രട്ട് ഓഫ് വിമണും റിലീസിന് ഒരുങ്ങുകയാണ്.
കോ ഡയറക്ടറായി പ്രവര്‍ത്തിച്ച, റോക്കട്രി ദ നമ്പി എഫക്ട് എന്ന ബഹുഭാഷാചിത്രവും
ജൂലൈ ഒന്നിനെത്തും. പിന്തുണയ്ക്കണം. അനുഗ്രഹിക്കണം.
സ്‌നേഹത്തോടെ
പ്രജേഷ് സെന്‍.