അഭിനയത്തിന്റെ അരനൂറ്റാണ്ടും 70-ാം ജന്മദിനവും ആഘോഷിച്ച മമ്മൂട്ടിയുടെ ഭൂതകാലത്തെ കുറിച്ച് അറിയാന്‍ മലയാളികള്‍ ഇപ്പോഴും തല്‍പ്പരരാണ്. സാധാരണ ഒരു കുടുംബത്തില്‍ നിന്ന് മമ്മൂട്ടിയെന്ന മഹാനടനിലേക്കുള്ള വളര്‍ച്ചയുടെ കാലഘട്ടം ഒരു സിനിമ പോലെ സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന മമ്മൂട്ടിയുടെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഡിഡി മലയാളത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ അരലക്ഷത്തിലേറെ പേര്‍ ഈ അഭിമുഖം കണ്ടു.
വൈക്കത്ത് മമ്മൂട്ടി ജനിച്ചുവളര്‍ന്ന വീടും വിദ്യ അഭ്യസിച്ച സ്‌കൂളുകളും ഈ അഭിമുഖത്തില്‍ കാണിക്കുന്നുണ്ട്. നടന്‍ ശ്രീരാമനാണ് മമ്മൂട്ടിയുമായുള്ള അഭിമുഖം നടത്തുന്നത്. സിനിമാ തിരക്കുകള്‍ക്കിടെ ജന്മനാട്ടിലേക്ക് എത്തിയ മമ്മൂട്ടി കൃഷ്ണപ്പന്റെ ബാര്‍ബര്‍ ഷോപ്പിലും തങ്കപ്പന്‍ ചേട്ടന്റെ മുറുക്കാന്‍ കടയിലും അതിഥിയായി എത്തുന്നു. മുറുക്കാന്‍ കടയില്‍ ഇരുന്ന് മൂക്കില്‍പൊടി വലിക്കുന്ന മമ്മൂട്ടിയെയും ഈ അഭിമുഖത്തില്‍ കാണാം. വെറ്റില മുറുക്കും ബീഡി വലിയും മമ്മൂട്ടി പഠിച്ചത് ഇവിടെ നിന്നാണെന്ന് നിഷ്‌കളങ്കമായ ചിരിയോടെ തങ്കപ്പന്‍ ചേട്ടന്‍ സമ്മതിക്കുന്നുണ്ട്. നാട്ടിലെ ചായക്കടയില്‍ എത്തിയാല്‍ ചൂട് ചായയും പപ്പടവടയുമാണ് മമ്മൂട്ടിയുടെ മെയിന്‍. വീട്ടില്‍ വാല്‍ക്കണ്ണാടിക്ക് മുന്നില്‍ നിന്ന് മമ്മൂട്ടി അഭിനയിച്ചു കാണിക്കുമ്പോള്‍ അത് നോക്കി അഭിപ്രായം പറയലായിരുന്നു തന്റെ ജോലിയെന്ന് സുഹൃത്ത് അപ്പു ഓര്‍ക്കുന്നു.
തോമസ് ടി.കുഞ്ഞുമ്മന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച അഭിമുഖത്തിന്റെ സ്‌ക്രിപ്റ്റ് കള്ളിക്കാട് രാമചന്ദ്രനാണ്. മോഹന്‍ സിത്താരയാണ് സംഗീതം. ഡി.തങ്കരാജ് ആണ് ക്യാമറ. വിവരണം രവി വള്ളത്തോള്‍. ശിവകുമാറിന്റേതാണ് എഡിറ്റിങ്.