'മമ്മൂട്ടി ഗേയായും പ്രേതമായും വൃദ്ധനായും അഭിനയിക്കും, മറ്റ് നടന്മാരുടെ കാര്യം അങ്ങനെയല്ല': ഭരദ്വാജ് രംഗന്‍
റോണഖ് മാങ്കോട്ടിലിന്റെ റിവ്യുവേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ഭരദ്വാജ് രംഗന്‍.
പരീക്ഷണങ്ങള്‍ക്കും എല്ലാ തരം ജോണറുകള്‍ക്കും സ്വീകാര്യത നല്‍കുന്ന മലയാളി പ്രേക്ഷകരാണ് ഇവിടുത്തെ വിജയമെന്ന് പ്രമുഖ സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗന്‍. മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും മലയാളത്തെ വ്യത്യസ്തമാക്കുന്നതും ഈ പ്രേക്ഷകർ തന്നെയാണ് ബജറ്റിനു മേലുള്ള നിയന്ത്രണം പരീക്ഷണം ചെയ്യാന്‍ മലയാള സിനിമയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. റോണഖ് മാങ്കോട്ടിലിന്റെ റിവ്യുവേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ഭരദ്വാജ് രംഗന്‍.
സിനിമയ്ക്ക് അനുസരിച്ചുള്ള ബജറ്റില്‍ വര്‍ക്ക് ചെയ്യാന്‍ മലയാളത്തിലെ വലിയ താരങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റില്‍ വര്‍ക്ക് ചെയ്യാന്‍ ആളുകള്‍ തയ്യാറാണ്. ബജറ്റ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍ മലയാളം സിനിമയ്ക്ക് ഇന്നത്തെ അവസ്ഥയിലെത്താന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
''മുന്നൂറ് കോടി മുടക്കുന്ന സിനിമയില്‍ പരീക്ഷണം സാധ്യമാകില്ല. തുടക്കം മുതല്‍ അങ്ങനെയാണ്. മമ്മൂട്ടിയും മോഹന്‍ലാലും താരങ്ങളല്ല എന്നല്ല. അവര്‍ മെഗാസ്റ്റാറുകളാണ്. പക്ഷെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും താരങ്ങളെ ആരാധിക്കുന്നത് വേറൊരു തരത്തിലാണ്. രജനികാന്തിന്റെ കഴിവില്‍ യാതൊരു സംശയവുമില്ല. പക്ഷെ അദ്ദേഹം ഒരു ഇമേജില്‍ ഒതുങ്ങിപ്പോയിരിക്കുകയാണ് എന്നത് നൂറ് ശതമാനം ശരിയാണ്.
അതേസമയം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എന്തും ചെയ്യാം. മമ്മൂട്ടിയ്ക്ക് ഗേ ആകാം, സ്‌ട്രെയ്റ്റ് ആകാം, പ്രായമുള്ളയാളും ചെറുപ്പക്കാരനും പ്രേതവും ആകാം. എന്തു ചെയ്താലും സ്വീകരിക്കപ്പെടും. താരങ്ങളെ എങ്ങനേയും അംഗീകരിക്കാന്‍ തയ്യാറാണ് അവര്‍. അത് നമ്മള്‍ സംസാരിക്കാറില്ല. എങ്ങനെയാണ് സിനിമ ഉണ്ടാക്കിയതെന്നും എന്ത് കഥയാണ് പറയുന്നതെന്നും മാത്രമാണ് നമ്മള്‍ നോക്കുന്നത്. സിനിമയ്ക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം നല്‍കുന്നത് പ്രേക്ഷകരാണ്. അവര്‍ പോയി കണ്ടില്ലെങ്കില്‍ ഒന്നുമില്ല'' എന്നും ഭരദ്വാജ് രംഗന്‍ പറയുന്നു.
മലയാള സിനിമയിലെ താരങ്ങള്‍ക്ക് ജോണറുകള്‍ മാറ്റാനും മറ്റുമുള്ള സ്വാതന്ത്ര്യത്തിന് കാരണം അതാണ്. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ് അത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും വലിയ താരങ്ങളെ വച്ച് സിനിമ ചെയ്യുക പ്രയാസമാണ്. ഒന്നെങ്കില്‍ ഞങ്ങളുടെ താരം ഇങ്ങനല്ല എന്ന് പറയും അല്ലെങ്കിലും ഒന്നു തന്നെ ചെയ്യുന്നുവെന്നുമാകും പറയുക. പ്രൊഡക്ഷനും പ്രേക്ഷകരുടെ ഇടപെടലുമെല്ലാം ഒരുമിച്ച് പോകണം. മലയാളത്തില്‍ അത് വളരെ മനോഹരമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.