മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് പാന്‍ ഇന്ത്യന്‍ നായികയായി വളര്‍ന്ന നടിയാണ് മാളവിക മോഹനന്‍. തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആയിരുന്നു മാളവികയുടെ ആദ്യ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടിയില്ലെങ്കിലും മാളവിക താരമായി മാറുകയായിരുന്നു.
പട്ടം പോലെയിലേക്ക് താനെത്തുന്നത് മമ്മൂട്ടി വഴിയാണെന്നാണ് മാളവിക പറയുന്നത്. മമ്മൂട്ടിയായിരുന്നു മാളവികയെ ഓഡിഷന്‍ ചെയ്തതും. അതേക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക സംസാരിക്കുന്നുണ്ട്.
'മുംബൈയില്‍ മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഒരു ദിവസം അച്ഛന്‍ പറഞ്ഞു. അമ്മയും ഞാനും ഞങ്ങളുടെ അയല്‍ക്കാരായ കുറേ മലയാളികളും ലൊക്കേഷനിലെത്തി. അവിടെ മമ്മൂക്ക ഐപാഡുമായി ഇരിക്കുന്നുണ്ട്. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിക്കുന്നതു പോലെ തോന്നി. എന്നെത്തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കുറച്ച് നേരം അന്തംവിട്ടു നിന്നു. അദ്ദേഹം അടുത്തേക്ക് വിളിച്ചു.
സംശയത്തോടെ അടുത്ത് ചെന്നപ്പോള്‍ മമ്മൂക്ക എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു. കുട്ടി എന്താണ് ചെയ്യുന്നതെന്നായിരുന്നു ആദ്യ ചോദ്യം. കോളേജില്‍ പഠിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് അടുത്ത പ്ലാന്‍ എന്നായി. ഞാന്‍ എന്തു പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അടുത്ത ചോദ്യമെത്തി. 'എന്റെ മോന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമയുണ്ട്. അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? ഞെട്ടിത്തരിച്ച എന്നോട് കുറച്ച് മുന്നോട്ട് പോയി തന്റെ അടുത്തേക്ക് നടന്നു വരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ അനുസരിച്ചു.
എന്റെ നടത്തം അദ്ദേഹം ഐപാഡില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു സത്യത്തില്‍ ലൈവായൊരു ഓഡിഷന്‍ തന്നെയായിരുന്നു അതെന്ന് പിന്നീടാണ് മനസിലായതെന്നും മാളവിക പറയുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ഹൃദയപൂര്‍വ്വം ആണ് മാളവികയുടെ പുതിയ സിനിമ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ ഓഗസ്റ്റ് 28 നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.