നടി ജിയാ ഖാൻ ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്നതിനായി നടൻ സൽമാൻ ഖാൻ ഇടപ്പെട്ടുവെന്ന് ജിയാ ഖാന്റെ മാതാവ് റാബിയ ഖാൻ. സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ജിയാഖാന്റെ മാതാവും രംഗത്തെത്തിയിരിക്കുന്നത്.
2013ലാണ് ബോളിവുഡ് താരമായ ജിയാഖാൻ ആത്മഹത്യ ചെയ്‌തത്.ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ജിയാഖാനുമായി സൂരജ് പ്രണയം നടിക്കുകയും ഗർഭിണിയായശേഷം ഗർഭം നശിപ്പിക്കാൻ സൂരജ് നിർബന്ധിക്കുകയും ചെയ്‌തു . ആ മാനസികവിഷമത്തിലാണ് ജിയ ആത്മഹത്യ ചെയ്‌തതെന്നായിരുന്നു സൂരജിനെതിരായ കുറ്റം.
എന്നാൽ സൂരജിനെ പോലീസ് വിട്ടയച്ച ശേഷം കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സൽമാൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റാബിയ പറയുന്നത്.കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഈ വിവരങ്ങൾ തുറന്നു പറയാൻ പ്രേരിപ്പിച്ചതെന്നും റാബിയ ഖാൻ പറഞ്ഞു.
നടി സെറീന വഹാബിന്റെയും നിർമാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ് പഞ്ചോളി.സൂരജ് നായകനായി അരങ്ങേറ്റം കുറിച്ച ഹീറോ എന്ന ചിത്രം നിർമിച്ചത് സൽമാനായിരുന്നു.