ഹാസ്യനടനായ ഹരിശ്രീ അശോകനെ പ്രശസ്തനാക്കിയത് പഞ്ചാബി ഹൗസ് എന്ന ചിത്രമാണ്. ആ സമയത്ത് ഇറങ്ങിയ ഒട്ടുമിക്ക ദിലീപ് ചിത്രങ്ങളിലും ഹരിശ്രീ അശോകൻ ഉണ്ടാകുമായിരുന്നു. ദിലീപ്-ഹരിശ്രീ അശോകൻ-കൊച്ചിൻ ഫനീഫ ഇതൊരു ഒന്നൊന്നൊര കോംബോ ആയിരുന്നു. തന്നെ 'താനാക്കി' മാറ്റിയ പഞ്ചാബി ഹൗസിന്റെ ഓർമക്കായി ആ പേര് തന്നെയാണ് ർത്ഥങ്ങളുടെ പുതിയ വീടിനും അശോകൻ നൽകിയത്. എന്നാൽ പ്രതീക്ഷകളും സ്വപ്നങ്ങളും തച്ചുടയ്ക്കാൻ അധികം നാൾ വേണ്ടിവന്നില്ല.
വളരെ കുറച്ച് കാലം മാത്രമെ അശോകനും കുടുംബത്തിനും ആ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞുള്ളു. വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ അത് ചെയ്തവർ വരുത്തിയ പിഴവുകൾ മൂലം വീട് ആകെ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ഹരിശ്രീ അശോകൻ തന്നെയാണ് വീടിന്റെ ദുരവസ്ഥ ഇപ്പോൾ വെളിപ്പെടുത്തിയത്. പണിക്കാരുടെ കഴിവ്‌കേടുമൂലം തനിക്ക് വന്ന നഷ്ടത്തെ തുടർന്ന് താരം ഉപഭോക്‌തൃ കോടതിയിൽ കേസ് നൽകിയിരുന്നു. ഇതിൽ അടുത്തിടെയാണ് വിധിയായത്.
വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. അശോകന്റെ പഞ്ചാബിഹൗസിനുണ്ടായ നഷ്ടം പ്രേക്ഷകർക്ക് അറിയാമായിരുന്നുവെങ്കിലും അതിന്റെ ഭീകരദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഹരിശ്രീ അശോകൻ തന്നെ പുറത്തുവിട്ടപ്പോഴാണ് പലർക്കും ബോധ്യപ്പെടുന്നത്.
മനോരമയുടെ വീട് എന്ന സെഷനിൽ ഇത്തവണ അശോകന്റെ പഞ്ചാബിഹൗസിന്റെ ദുരവസ്ഥയായിരുന്നു ചിത്രീകരിച്ചിരുന്നത്. രാവും പകലുമെന്നില്ലാതെ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. ഒരു മനുഷ്യായുസ്സിലെ സമ്പാദ്യവും സ്വപ്നവും കൊണ്ടാണ് ഒരാൾ വീടുപണിയുന്നത്. പക്ഷെ വീടുപണിയിൽ സംഭവിച്ച പിഴവുമൂലം താനും കുടുംബവും അനുഭവിച്ച മാനസീക വിഷമം വിവരിക്കാവുന്നതിലും അപ്പുറമാണ് എന്ന് നടൻ പറയുന്നു. വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് പ്രശ്നങ്ങൾക്ക് കാരണം.
ഒരു ഫ്ലോർ ടൈൽ പൊട്ടിയാതായിരുന്നു തുടക്കം. പിന്നീട് മറ്റിടങ്ങളിലെ ടൈലുകളും പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മറ്റും വരാനും തുടങ്ങി. എല്ലാമുറികളിലെയും ടൈലുകൾ ഇളകി. നടക്കാൻ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ കബോർഡുകൾ എല്ലാം നശിച്ചു. പരാതിപ്പെട്ടതോടെ കൺസ്യൂമർ കോർട്ട് കമ്മീഷനെ വെച്ചു. അവർ വന്ന് പരിശോധിച്ച് ടൈൽ സാംപിൾ ശേഖരിച്ച് കൊണ്ടുപോയി. ടൈൽ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തൽ.
കോടതി വിധി വന്നതിനാൽ വീട്ടിൽ വീണ്ടും അറ്റകുറ്റപണികൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് തീരുമാനം. ടൈൽ, കബോർഡ് തുടങ്ങിയവയെല്ലാം മാറ്റി വീട് വീണ്ടും പുതിയതുപോലെയാക്കി മാറ്റാൻ വീണ്ടും ഒരുപാട് പണം ചിലവഴിക്കേണ്ടി വരും എന്നാണ് ഹരിശ്രീ അശോകൻ തനിക്കുണ്ടായ ദുരനുഭവം പങ്കിട്ട് പറഞ്ഞത്.