ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ഈ പൊലീസ് സ്റ്റോറിയുടെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയുടെ രണ്ട് മുഖങ്ങള്‍ വ്യക്തമാണ്.
ചോരയൊഴുകുന്ന ഒരു കൈയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് മുഖങ്ങളായാണ് ഈ പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കുമുള്ളതാണ് ഒരു മുഖം. മീശ പിരിച്ച പൊലീസുകാരന് ലുക്കാണ് രണ്ടാമത്തേത്.
ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്റെ രണ്ട് ജീവിത കാലഘട്ടങ്ങളാണ് പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. പകയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദി ഗ്രേറ്റ് ഫാദര്‍ പോലെ ഒരു സ്റ്റൈലിഷ് ത്രില്ലറിനാണ് ഹനീഫ് അദേനി വീണ്ടും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതും.