ഇതെങ്ങനെ? കൊള്ളാവോ?; മമ്മൂട്ടിയുടെ ചോദ്യത്തിൽ അമ്പരന്ന് നടിമാർ
മാമാങ്കത്തിലെ സ്ത്രീ വേഷത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ്സ് തുറക്കുകയാണ്
മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബർ 12ന് തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടിയുടെ സ്ത്രീവേഷത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മാമാങ്കത്തിലെ സ്ത്രീ വേഷത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ്സ് തുറക്കുകയാണ്.
സ്ത്രീ വേഷത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും സിനിമയിലാണ് ഉത്തരമെന്നാണ് മമ്മൂട്ടി പറയുന്നത്. രണ്ടു മാമാങ്ക കാലാഘട്ടത്തിന്റെ കഥയാണിത്. അതിൽ ഒരു ഭാഗത്താണ് താൻ സ്ത്രീ വേഷത്തിലെത്തുന്നതെന്ന് മമ്മൂട്ടി പറയുന്നു. ചില സാഹചര്യങ്ങൾ കൊണ്ട് സ്‌ത്രൈണ വേഷത്തിലേക്ക് മാറേണ്ടി വരുന്നതാണ്. കഥ മുഴുവൻ പറഞ്ഞാൽ സിനിമ കാണുമ്പോൾ പുതുമ തോന്നില്ല. ബാക്കിയെല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം സിനിമയിൽ നിന്ന് ലഭിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ നായികമാരായ അനു സിത്താരയും പ്രാചി ടെഹ്ലാനും അഭിമുഖത്തിൽ പങ്കെടുത്തു. പൊട്ടുകുത്തി നിൽക്കുന്ന മമ്മൂട്ടിയുടെ വേഷം കണ്ട് അത്ഭുതപ്പെട്ട അനു സിത്താരയെ നോക്കി തന്റെ ശൃംഗാരഭാവം എങ്ങനെയുണ്ടെന്നും മമ്മൂട്ടി അഭിമുഖത്തിനിടയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്.
ഓരോ കഥയുടെയും ഭൂമികയിൽ നിൽക്കുമ്പോൾ നമ്മൾ ആ കഥാപാത്രമായി മാറും. മലയാളത്തിലെ ബാഹുബലിയെന്ന് ഒന്നും മാമാങ്കത്തെ വിളിക്കാൻ സാധിക്കില്ല. ബാഹുബലി സാങ്കൽപ്പിക കഥയാണ്. മാമാങ്കം അങ്ങനെയല്ല, അത് ചരിത്രത്തിൽ രേഖപ്പെടുത്തിയ സംഭവമാണ്. പ്രതികാരം വീട്ടലിന്റെ ആവർത്തനമാണ് മാമാങ്കമെന്നും മമ്മൂട്ടി പറഞ്ഞു.