Webdunia - Bharat's app for daily news and videos

Install App

‘നഷ്ടമായത് ഹിന്ദി സിനിമയിലെ എന്‍റെ വഴികാട്ടിയെ’ - അന്തരിച്ച ചലച്ചിത്രകാരന്‍ നീരജ് വോറയെ പ്രിയദര്‍ശന്‍ സ്മരിക്കുന്നു

ബിജു ഗോപിനാഥന്‍
വ്യാഴം, 14 ഡിസം‌ബര്‍ 2017 (20:07 IST)
ഹിന്ദി സിനിമാലോകത്ത് തന്‍റെ വഴികാട്ടിയായിരുന്നു അന്തരിച്ച ചലച്ചിത്രകാരന്‍ നീരജ് വോറയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഹിന്ദി സിനിമയില്‍ ശുദ്ധമായ നര്‍മ്മമെഴുതുന്ന അപൂര്‍വം പേരില്‍ ഒരാളാണ് നീരജിന്‍റെ മരണത്തോടെ ഇല്ലാതാകുന്നതെന്നും പ്രിയദര്‍ശന്‍ മലയാളം വെബ്‌ദുനിയയോട് അനുസ്മരിച്ചു.
 
സിനിമയല്ല, നാടകമായിരുന്നു നീരജ് വോറയുടെ മേഖലയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. “1997ല്‍ ഞാന്‍ വിരാസത് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ അഭിനേതാവായിരുന്നു നീരജ് വോറ. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഗുജറാത്തി ഭാഷയിലെ വളരെ കരുത്തനായ ഒരു നാടകകൃത്തായിരുന്നു. എന്‍റെ ചില ചിത്രങ്ങള്‍ അദ്ദേഹം നേരത്തേ കണ്ടിരുന്നു. ആഴവും ശുദ്ധിയുമുള്ള നര്‍മ്മം ഹിന്ദി സിനിമാലോകത്ത് അന്യമാണെന്നുള്ള അദ്ദേഹത്തിന്‍റെ നിരീക്ഷണം എന്‍റേതുകൂടിയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമാശ്രമങ്ങള്‍ വരുന്നത്” - പ്രിയദര്‍ശന്‍ അനുസ്മരിച്ചു.
 
"ഞാന്‍ സംവിധാനം ചെയ്ത ഹേരാ ഫേരിയുടെ തിരക്കഥ നീരജ് വോറയായിരുന്നു. നമ്മുടെ റാംജിറാവു സ്പീക്കിംഗിന്‍റെ റീമേക്കാണ് ആ സിനിമ. എന്നാല്‍ ഹേരാ ഫേരി കണ്ടവര്‍ക്കറിയാം, റാംജിറാവുവില്‍ നിന്ന് വേറിട്ട് ഒരു തനി മഹാരാഷ്ട്രിയന്‍ ചിത്രമായിരുന്നു ഹേരാ ഫേരി. അതിനൊരു കാരണമുണ്ട്. 1971ലെ ടിവി മൂവിയായ ‘സീ ദി മാന്‍ റണ്‍’ അധികരിച്ചാണ് സിദ്ദിക്‍ലാല്‍ റാംജിറാവു ചെയ്തത്. താന്‍ സീ ദി മാന്‍ റണ്‍ അടിസ്ഥാനമാക്കി ഒരു മറാത്തി നാടകം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ഈ കഥ മുന്‍‌പരിചയമുണ്ടെന്നും നീരജ് വോറ വെളിപ്പെടുത്തി. ആ നാടകത്തിലെ കേന്ദ്ര കഥാപാത്രത്തിന്‍റെ പേരായ ബാബുറാവു ഗണപത്‌റാവു ആപ്തേ എന്നാണ് ഹേരാ ഫേരിയില്‍ പരേഷ് റാവലിന്‍റെ കഥാപാത്രത്തിന് പേരുനല്‍കിയിരിക്കുന്നത്. നീരജിന്‍റെ എഴുത്ത് ആ സിനിമയ്ക്ക് നല്‍കിയ മിഴിവ് ചെറുതൊന്നുമല്ല” - പ്രിയദര്‍ശന്‍ പറഞ്ഞു. 
 
മലയാളത്തില്‍ ഇന്നസെന്‍റിന്‍റെയൊക്കെ ഹ്യൂമറിനോട് സാദൃശ്യമുണ്ട് നീരജ് വോറയുടെ എഴുത്തിനും ഭാഷയ്ക്കും പെരുമാറ്റത്തിനുമെന്ന് പ്രിയദര്‍ശന്‍ ഓര്‍മ്മിച്ചു. പണ്ഡിറ്റ് വിനായക് റായി നാനാലാല്‍ വോറ എന്ന മഹാനായ സംഗീതജ്ഞന്‍റെ മകനായ നീരജ് വോറ പക്ഷേ നാടകത്തോടാണ് കൂടുതല്‍ കമ്പം പ്രകടിപ്പിച്ചത്. ഷാരുഖ് ഖാന്‍റെ വരവിന് തുടക്കംകുറിച്ച ടിവി സീരിയല്‍ ഫൌജിയുടെ എഴുത്തില്‍ നീരജ് വോറയുടെ സംഭാവന വളരെ വലുതായിരുന്നു.
 
“വളരെയടുത്ത ഹൃദയബന്ധം നീരജ് വോറയുമായി എനിക്കുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദി സിനിമയില്‍ എനിക്ക് ഒരു ഗൈഡിനെപ്പോലെയായിരുന്നു അദ്ദേഹം. ഏത് സിനിമ സ്വീകരിക്കണം, ഏത് പ്രൊഡ്യൂസറുമായി സഹകരിക്കണം എന്നൊക്കെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം എന്നുമുണ്ടായിരുന്നു. ഹിന്ദി സിനിമാലോകത്തെ മഹാരഥന്‍‌മാരുമായി അടുത്ത സൌഹൃദബന്ധം നീരജ് വോറ പുലര്‍ത്തിയിരുന്നു. ഹേരാ ഫേരിക്ക് ശേഷം എന്‍റെ ഒട്ടേറെ ഹിന്ദി ചിത്രങ്ങളില്‍ എഴുത്തുകാരനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും അദ്ദേഹം സഹകരിച്ചു. അദ്ദേഹം സംവിധായകനും നിര്‍മ്മാതാവുമൊക്കെ ആയി മാറിയ കാലത്താണ് ഞങ്ങള്‍ക്കിടയില്‍ ജോലിസംബന്ധിയായി ഒരു ഗ്യാപ് വന്നത്. ഒമ്പതുമാസങ്ങള്‍ക്ക് മുമ്പ് പരേഷ് റാവലിന്‍റെ വീട്ടില്‍ വച്ചാണ് നീരജ് വോറയ്ക്ക് പക്ഷാഘാതമുണ്ടാകുന്നത്. അതിനും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പും ഞാനും അദ്ദേഹവും തമ്മില്‍ കാണുകയും ഒരു സിനിമ ഒരുമിച്ച് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതുമാണ്. ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച ഒരു ഡയലോഗ് റൈറ്ററെയാണ് നഷ്ടമാകുന്നത്” - പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തു.
 
ഹിന്ദി സിനിമയില്‍ സ്വന്തമായ സിംഹാസനം തന്നെ സൃഷ്ടിച്ച പ്രിയദര്‍ശന് അതിന് അടിത്തറ പാകാന്‍ സഹായിച്ച ആത്മസുഹൃത്തിനെയാണ് നീരജ് വോറയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. യേ തേരാ ഘര്‍ യേ മേരാ ഘര്‍, ഹംഗാമ, ഹല്‍‌ചല്‍, ഗരം മസാല, ക്യോംകി, ഭഗം ഭാഗ്, ഫൂല്‍ ഭൂലയ്യാ തുടങ്ങിയ പ്രിയദര്‍ശന്‍ വിസ്മയങ്ങള്‍ക്ക് അക്ഷരങ്ങള്‍കൊണ്ട് ചാരുത നല്‍കിയ എഴുത്തുകാരനായിരുന്നു നീരജ് വോറ. 
 
‘ഹേരാ ഫേരി 3’  എന്ന സ്വപ്‌നം ബാക്കിവച്ചാണ് നീരജ് വോറ മടങ്ങുന്നത്, അതും വെറും അമ്പത്തിനാലാം വയസില്‍. സ്വാഭാവികനര്‍മ്മവും ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങളും കോര്‍ത്തൊരുക്കിയ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും നീരജ് വോറ ഇനിയും ജീവിക്കും, ഒരുപാടുകാലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments