മലയാള സിനിമാ ഇൻഡസ്ട്രി തന്റെ അച്ഛൻ നടുവൊടിച്ച് കിടന്ന് ഉണ്ടാക്കിയതാണെന്ന വൈറൽ പ്രസ്താവന താൻ നടത്തിയിട്ടില്ലെന്ന് മാധവ് സുരേഷ് ഗോപി. ഇത്തരത്തിൽ മാധവ് പ്രസ്താവന നടത്തിയെന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ, ഇത് തന്റെ വാക്കുകൾ വളച്ചോടിച്ചതാണെന്ന് മാധവ് പറയുന്നു. താൻ അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകുമെന്നും മാധവ് വ്യക്തമാക്കി.
ഒരു നടനും ഉണ്ടാക്കിയതല്ല മലയാള സിനിമ എന്നും സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും മാധവ് പറഞ്ഞു. പൃഥ്വിരാജ് എന്ന താരവുമായി മാധവിനെ സോഷ്യൽ മീഡിയ താരതമ്യം ചെയ്യുക ഉണ്ടായി. ഇതിനോടും മാധവ് പ്രതികരിച്ചു. ഈ ഒരു താരതമ്യം തനിക്ക് ഒരുപാട് അഭിമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും അത് ഓരോരുത്തരുടെ കാഴ്ചപ്പാടാണെന്നും മാധവ് അറിയിച്ചു. പൃഥ്വിരാജ് ഒരു നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഗായകനുമൊക്കെ ആണ്. അദ്ദേഹത്തോട് തന്നെ ഉപമിക്കുന്നതിൽ അഭിമാനം ഉണ്ടെങ്കിലും അത് കുറച്ച് കൂടുതലല്ലേ എന്നാണ് ചിരിയോടെ മാധവ് ചോദിക്കുന്നത്.
'അത്ര ഓർമക്കേടുള്ള ആളല്ല ഞാൻ. സുരേഷ് ഗോപി അല്ല മലയാള സിനിമ ഉണ്ടാക്കിയത്, ഒരു നടനും അല്ല മലയാളം സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരെയും താരങ്ങളും നടന്മാരും ഒക്കെ ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ കുറച്ച് ഓവർ ആണ് എന്ന് ചിന്തിക്കുന്നതും ഓരോ കാഴ്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാൻ ജീവിച്ചു മുന്നോട്ട് പോകുന്നത്. ഒരാൾ പറഞ്ഞത് വളച്ചൊടിച്ചു പറയുന്നത് ശരിയായ രീതിയാണോ', മാധവ് സുരേഷ് പറയുന്നു.