ഏറെ പ്രശംസ പിടിച്ചുപറ്റിയ ജിയോ ബേബി ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിരവധി അവാർഡുകൾ സിനിമ നേടി. ഒപ്പം സിനിമയില്‍ ഒരുമത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. ശബരിമല സ്ത്രീ പ്രവേശനവിവാദങ്ങളുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ഭാഗങ്ങളും വൻ വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ, ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജിയോ ബേബി രംഗത്ത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന.
ശബരിമല വിഷയമില്ലായിരുന്നെങ്കില്‍ ഈ ചിത്രം ഇതിലും മികച്ചതാവുമായിരുന്നുവെന്നും തന്റെ കഴിവിന്റെ പോരായ്മകൊണ്ടാണ് ഈ വിധത്തിൽ സിനിമ നിര്‍മിക്കേണ്ടിവന്നതെന്നും ജിയോ ബേബി തുറന്നു സമ്മതിക്കുന്നു. കേവലം ഹിന്ദു കള്‍ച്ചറിനോടുള്ള വിരോധമല്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതങ്ങളോടുള്ള പ്രതിഷേധം തന്നെയാണ് ഈ സിനിമയിലൂടെ താൻ നടത്തിയതെന്നും അദ്ദേഹം പറയുന്നു.
'ശബരിമല വിഷയം ഇല്ലാത്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇതിലും മനോഹരമായിരിക്കും. എന്നാല്‍, അതുണ്ടാക്കാന്‍ എനിക്കറിയില്ല. പക്ഷേ ഞാന്‍ ചെയ്തത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കാര്യവുമല്ല. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയിരുന്നില്ലെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ശബരിമല വിഷയമില്ലാത്ത ഇതിലും മികച്ചൊരു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉണ്ടാക്കാമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ എനിക്ക് അതെങ്ങനെയെന്ന് അറിയില്ല. ഇന്ത്യയിലെ അവസ്ഥയില്‍ ഇപ്പോള്‍ നില്‍ക്കുന്ന പുരുഷാധിപത്യം ശക്തമായി നില്‍ക്കുന്ന സിസ്റ്റം ഉള്ളത് ഹിന്ദു മതത്തിലാണ്. അതാണ് ആ രീതിക്ക് എടുത്തത്', ജിയോ ബേബി പറഞ്ഞു.