'സമാധാനപരമായി പ്രതിഷേധിക്കണം'; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് ദുല്‍ഖര്‍
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ നിയമത്തിനെതിരെ പ്രതികരിക്കുകയും പ്രതിഷേധത്തിനു പിന്തുണ അറിയിക്കുകയും ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടൻ ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ നിയമത്തിനെതിരെ പ്രതികരിക്കുകയും പ്രതിഷേധത്തിനു പിന്തുണ അറിയിക്കുകയും ചെയ്തത്. ഇന്ത്യയുടെ ഒരു ഭൂപടത്തിനൊപ്പം ‘ഈ അതിർത്തിക്കപ്പുറത്ത് നമ്മളെ അവർ വിളിക്കുന്നത് ഇന്ത്യക്കാരനെന്നാണ്’ എന്ന് എഴുതിയിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ദുൽഖർ രംഗത്തു വന്നത്.
‘മതനിരപേക്ഷത, ജനാധിപത്യം, സമത്വം എന്നിവകൾ നമ്മുടെ ജന്മാവകാശമാണ്. അതിനെ തകർക്കാനുള്ള ഏത് ശ്രമങ്ങളെയും നമ്മൾ പ്രതിരോധിക്കണം. എന്തായാലും, അക്രമരാഹിത്യവും അഹിംസയുമാണ് നമ്മുടെ സംസ്കാരം. സമാധാനപരമായി പ്രതിരോധിച്ച് ഒരു മികച്ച ഇന്ത്യക്കായി നിലകൊള്ളുക’- ദുൽഖർ കുറിക്കുന്നു.
നേരത്തെ പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, അനൂപ് മേനോന്‍, ആന്റണി വര്‍ഗീസ്, റിമ കല്ലിങ്കല്‍, ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അമല പോള്‍, ടോവിനോ തോമസ്, ഷിജു ഖാലിദ്, സമീര്‍ താഹിര്‍, മുഹ്‌സിന്‍ പരാരി, സക്കറിയ മുഹമ്മദ് എന്നിവരടക്കം മലയാള സിനമയിലെ നിരവധി താരങ്ങൾ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.