Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്യാന്‍സര്‍ എന്ന പദത്തിന് മരണം എന്ന് അര്‍ത്ഥമില്ല !

ക്യാന്‍സര്‍ എന്ന പദത്തിന് മരണം എന്ന് അര്‍ത്ഥമില്ല !

ലേഖ ചന്ദ്രന്‍

, ശനി, 1 ഫെബ്രുവരി 2020 (18:22 IST)
ക്യാന്‍സര്‍ എന്ന പദത്തെ മരണത്തോടൊപ്പം ചേര്‍ത്ത് വായിക്കുകയാണ് പലരും ചെയ്യാറുള്ളത്. ആ രോഗം വന്നുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ലെന്നുള്ള ചിന്തയാണ് പലര്‍ക്കും. എന്നാല്‍ അത് ശരിയല്ലെന്നാണ് കുറച്ചുകാലം മുമ്പ് ഡോ. ഷിംന അസീസ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ക്യാന്‍‌സര്‍ എന്നത് ജീവിതത്തിന്‍റെ അവസാനമല്ല. തിരിച്ചുവരവിലേക്കുള്ള പോരാട്ടത്തിന്‍റെ തുടക്കമാണ്. ആത്‌മവിശ്വാസത്തോടെ പോരാടാനിറങ്ങിയാല്‍ ക്യാന്‍സര്‍ തോറ്റുപിന്‍‌മാറുകതന്നെ ചെയ്യും.
 
ഡോ. ഷിംന അസീസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇതാണ്:
 
"അമ്മയ്‌ക്ക് ക്യാൻസറാണ്. റിസൾട്ട് വാട്സാപ്പിൽ ഉണ്ട്. എന്ത്‌ ചെയ്യും ഡോക്ടറെ? ഇപ്പോ അറിഞ്ഞതേയുള്ളൂ...ആകെ തളർന്ന്‌ പോകുന്നു. എന്ത് ഭക്ഷണം കൊടുക്കാം, എന്താ കൊടുക്കാൻ പാടില്ലാത്തേന്ന്‌ ഒന്ന് പറഞ്ഞു തര്വോ?"
 
കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ മൂന്ന്‌ തവണ ഈയൊരു കൂട്ടം ചോദ്യങ്ങളെ നേരിട്ടു. രോഗത്തിന്‌ ചികിത്സിക്കുന്ന ഡോക്‌ടറുടെ തിരക്ക്‌ കാരണം പലപ്പോഴും ഒന്നും വിശദമായി ചോദിക്കാൻ സാധിച്ചു കാണില്ല. വേദനയോടെ കാര്യങ്ങൾ വിശദമായി പറഞ്ഞ്‌ കൊടുക്കേണ്ട കടമ നമ്മളിൽ നിക്ഷിപ്‌തമാകും. ചുറ്റുപാടുമുള്ളവരുടെ അഭിപ്രായങ്ങൾ കൊണ്ടുള്ള ചാട്ടയടി നിലയ്‌ക്കില്ല, നട്ടം തിരിഞ്ഞ്‌ പോകും. ശരിക്കും എന്താണ്‌ ഈ വിഷമഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടതെന്ന്‌ ആരോട്‌ ചോദിക്കും, എന്ത് പറയും, രോഗിയോട്‌ വിവരം പറയണോ/പറയണ്ടേ/അറിഞ്ഞവരുടെ ആശങ്ക എങ്ങനെയകറ്റും?
 
ആദ്യമേ പറയട്ടെ, ഏറ്റവും അടുത്ത ബന്ധുക്കളിൽ തന്നെ എട്ടോളം കാൻസർ രോഗികൾ ഉണ്ടായിരുന്നത്‌ കൊണ്ട്‌ 'അനുഭവിച്ചത്‌' ആണ്‌ 'പഠിച്ചതിലേറെ' ഇവിടെ എഴുതുന്നത്‌. ആശുപത്രിയിൽ രോഗക്കിടക്കയിൽ കണ്ടവരുടെ എണ്ണം അവിടം കൊണ്ടൊന്നും തീരുകയുമില്ല.
 
ഏതെങ്കിലും പരിശോധനയിൽ ക്യാൻസർ ആണോ എന്ന് സംശയം തോന്നുമ്പോൾ തന്നെ ഭയം തുടങ്ങും. ഇത്രയേറെ ഭയക്കേണ്ടതോ ദുസ്വപ്നം കാണേണ്ടതോ ആയ ഒന്നല്ല അർബുദം എന്ന രോഗം. നേരത്തെ കണ്ടെത്തിയാൽ കൃത്യമായ ചികിത്സയും ആശ്വാസവും ഉണ്ടാകും എന്ന് മനസ്സിലാക്കുക. ഇനി അതല്ലെങ്കിൽ പോലും വേദനയും സഹനവും കുറയ്ക്കാൻ ഇന്ന് നമുക്ക് മാർഗങ്ങളുണ്ട്‌. വിഷമിക്കേണ്ട, വൈദ്യശാസ്ത്രം നിങ്ങളോടൊപ്പമുണ്ട്.
 
രോഗം ഉറപ്പായിക്കഴിഞ്ഞാൽ ചികിത്സ എവിടെ വേണം എന്നതിനെക്കുറിച്ച് എത്രയും പെട്ടെന്ന്‌ ഒരു ധാരണയിൽ എത്തണം. ചികിത്സയുടെ സൗകര്യം, ചികിത്സാചെലവ്‌, രോഗിയുടെ സ്വകാര്യത, രോഗിയെ പരിചരിക്കുന്നവരുടെ പരിഗണനകൾ തുടങ്ങിയവ കൃത്യമായി നോക്കേണ്ടതുണ്ട്. അഭിപ്രായം പറഞ്ഞ്‌ കൺഫ്യൂഷനുണ്ടാക്കുന്ന ആവേശ്‌കുമാർ വകുപ്പിൽ പെടുന്നവരെ ഒരു കൈയ്യകലത്തിൽ വെക്കുക. അനുഭവിക്കാൻ രോഗിയും കൂടെയുള്ളവരും മാത്രമേ കാണൂ. വര്‌ണോരും പോണോരും അഭിപ്രായം പറഞ്ഞ്‌ പൊയ്‌ക്കോട്ടെ. ആള്‌ കൂടിയാൽ പാമ്പ് ചാകില്ലെന്ന്‌ കേട്ടിട്ടില്ലേ? ഏറ്റവും അടുത്തവർ ഉറച്ച തീരുമാനമെടുക്കുക. ചികിത്സയിലും ചികിത്സിക്കുന്നവരിലുമുള്ള വിശ്വാസം നഷ്‌ടപ്പെടുന്ന പരിപാടി വേണ്ടേ വേണ്ട.
 
രോഗിയെ രോഗവിവരം അറിയിക്കണോ വേണ്ടയോ എന്നതാണ് അടുത്ത ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കൃത്യമായി പറയാനാവുക രോഗിയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ളവർക്കാണ്. ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ നാട്ടിൽ ഒരു വാർഡിന്റെ പേരോ ഡോക്‌ടറുടെ സ്‌പെഷ്യാലിറ്റിയുടെയോ പേര്‌ വായിച്ച് മനസ്സിലാക്കാൻ സാധിക്കാത്തവരായി ആരുമില്ല. ഒരു ടെസ്റ്റ് റിസൾട്ടായോ അല്ലെങ്കിൽ ദൂരെ മാറി നിന്ന് കേട്ടതായോ എങ്കിലും 'ക്യാൻസർ 'എന്ന പദം അവരുടെ മനസ്സിലേക്ക്‌ ഉൽക്ക കണക്കിന്‌ വീണേക്കാം. മുഖക്കുരു വന്നാൽ കാൻസറാണോ എന്ന്‌ പേടിച്ച്‌ ഗൂഗിൾ ചെയ്യുന്നവരുടെ ഇടയിൽ യഥാർത്‌ഥരോഗിക്ക്‌ കാര്യം പിടികിട്ടാൻ വല്ല്യ നേരമൊന്നും പിടിക്കില്ല. കടുത്ത മാനസികാഘാതം പ്രതീക്ഷിക്കുക തന്നെ വേണം. ധൈര്യം നൽകേണ്ടത് പ്രിയപ്പെട്ടവരാണ്.അവർ കൂടി തളരുകയോ തകരുകയോ അല്ല, മറിച്ച്‌ ഒന്നിച്ചു രോഗത്തെ മൂലയ്‌ക്കിട്ട്‌ മുന്നേറുകയാണ് വേണ്ടത്.
 
അടുത്ത ചോദ്യം. എന്ത് ഭക്ഷണം കൊടുക്കും? അതിന്‌ പ്രത്യേകിച്ച്‌ പത്ഥ്യമോ ഗദ്യമോ ഉപന്യാസമോ ഒന്നും വേണ്ട. ക്യാൻസർ രോഗിക്ക്‌ പൊതുവേ ഭക്ഷണത്തോട്‌ താൽപര്യം കുറവായിരിക്കും. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ്‌ ക്യാൻസർ എന്നറിയാമല്ലോ? സ്വാഭാവികമായും രോഗി നുള്ളിപ്പെറുക്കി കഴിക്കുന്നത്‌ മൊത്തമായി ക്യാൻസർ കോശങ്ങൾ സ്വന്തമാക്കി വകയിരുത്തി അവരങ്ങ്‌ വളരും. എന്താണ്‌ ചെയ്യുക?
 
കൃത്യമായി ചികിത്സയെടുത്ത്‌ രോഗത്തെ ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒപ്പം രോഗിക്ക്‌ പ്രതിരോധശേഷി കൂട്ടാനുള്ള ഭക്ഷ്യവസ്‌തുക്കളും ആരോഗ്യമുള്ള കോശങ്ങൾ നിർമ്മിക്കാനും റിപ്പയർ ചെയ്യാനുമൊക്കെയുള്ള ആഹാരവും യഥേഷ്‌ടം നൽകണം. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മത്സ്യമാംസാദികൾ(കറി/സൂപ്പ്‌), മുട്ടയുടെ വെള്ള, പയർവർഗങ്ങൾ, നട്ട്‌സ്‌ തുടങ്ങിയവ അത്യുത്തമം.
 
കീമോതെറാപ്പിയും റേഡിയേഷനും തുടങ്ങുമ്പോൾ കുറച്ച്‌ കാലത്തേക്ക്‌ നാവിലെ തൊലി പോവാം, വായ്‌പുണ്ണ്‌ വരാം, ഛർദ്ദി, രുചിക്കുറവ്‌, ദേഷ്യം, അസ്വസ്‌ഥത, കടുത്ത സങ്കടം തുടങ്ങി ഏതാണ്ടൊക്കെയോ വരാം. എന്ത് ചെയ്യും? ഭക്ഷണം വേണ്ടെന്ന്‌ വാശി പിടിക്കുന്നത്‌ അവർക്ക്‌ വയ്യാഞ്ഞിട്ടാണ്‌. മസാലകൾ പരമാവധി കുറച്ച്‌ അവർക്കിഷ്‌ടമുള്ള രീതിയിൽ പാകം ചെയ്‌ത്‌ കൊടുക്കുക. ചവച്ച്‌ കഴിക്കാൻ വയ്യെങ്കിൽ ജ്യൂസ്‌, സൂപ്പ്‌, നന്നായി വെന്ത കഞ്ഞിയിൽ/ഓട്‌സിൽ/റാഗിയിൽ പച്ചക്കറികൾ/പയർ/ശർക്കര തുടങ്ങിയവയിട്ട്‌ വേവിച്ചുടച്ച്‌ കൊടുക്കാം. ഛർദ്ദി കുറയാൻ മരുന്ന്‌ കൊടുത്തോളൂ. ഒരു കുഴപ്പവുമില്ല. അവർക്ക്‌ ആഹാരം കൊടുക്കണമല്ലോ.
 
ഇനി മൂക്കിലൂടെ ഫീഡിംഗ്‌ ട്യൂബ്‌ ഇട്ടിട്ടുണ്ടെങ്കിലോ? മേൽ പറഞ്ഞ ഘടകങ്ങൾ ഭക്ഷണത്തിൽ ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്താം. പ്രോട്ടീൻ പൗഡർ, ഇരുമ്പ് ഗുളിക, കാത്സ്യം തുടങ്ങിയ സപ്ലിമെന്റുകൾ എല്ലാം വേണ്ടി വന്നേക്കാം. ബ്ലഡ്‌ കൗണ്ട്‌ കുറയുമ്പോൾ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിന്‌ ഒരു തെറ്റുമില്ല. അവരുടെ ശരീരം ആവുന്നത്ര നോർമലായിരിക്കട്ടെ.
 
വായ്‌ക്കകത്തും മൂത്രമൊഴിക്കുന്ന ഭാഗത്തും പൂപ്പൽ വരാനുള്ള സാധ്യത ഏറെയാണ്‌. രണ്ടിനും വേണ്ട മരുന്നുകളും മുൻകരുതലുകളും വേണം. രണ്ട്‌ നേരം പല്ല്‌ തേക്കണം. സാധിക്കില്ലെങ്കിൽ വായ്‌ക്കകം നോർമൽ സലൈനിൽ മുക്കിയ കോട്ടൻ തുണി വിരലിൽ ചുറ്റി തുടച്ചെടുക്കണം. തൊലി പൊളിയാം, ശ്രദ്ധിക്കണം.
 
കീമോതെറാപ്പിയുടെ സമയത്ത്‌ ബ്ലഡ്‌ കൗണ്ട്‌ കുറയുന്നതും മുടി കൊഴിയുന്നതും ഛർദ്ദിയുമെല്ലാം ഭയപ്പെടാൻ ഏതുമില്ലാത്ത കാര്യമാണ്‌. പക്ഷേ, ഈ നേരത്ത്‌ സന്ദർശകരെ ആവുന്നത്ര നിയന്ത്രിച്ചേ മതിയാകൂ. എനിക്കും നിങ്ങൾക്കും തുമ്മലും മൂക്കൊലിപ്പും ഉണ്ടാക്കുന്ന അതേ ബാക്‌ടീരിയ പ്രതിരോധശേഷി പാടേ കുറഞ്ഞ നമ്മുടെ രോഗിക്ക്‌ ന്യൂമോണിയയോ മസ്‌തിഷ്‌കജ്വരമോ ആവും ഉണ്ടാക്കുക. സൂക്ഷിച്ചേ മതിയാകൂ.
 
രോഗിയെ സ്‌പർശിക്കുന്നവർ കൈ സോപ്പിട്ട്‌ കഴുകിയിരിക്കണം/ഹാൻഡ്‌റബ്‌ ഉപയോഗിച്ചിരിക്കണം. തീരെ കിടപ്പിലായവർക്ക്‌ ബെഡ്‌സോർ വരാതെ നോക്കണം. ഓരോ അര മണിക്കൂറിലും തിരിച്ചും മറിച്ചും കിടത്തുക. മുറിവുകൾ പരിചരിക്കുന്നത്‌ വിദഗ്‌ധരോട്‌ ചോദിച്ച്‌ പഠിക്കുക.
 
ക്യാൻസർ മരണമല്ല. ജീവിതം തിരിച്ചു പിടിക്കാനും ഉള്ള കാലം ആരോഗ്യത്തോടെയും അഭിമാനത്തോടെയും ചിലവഴിക്കാനും രോഗിയെ പ്രാപ്തനാക്കുന്ന ചികിത്സാസൗകര്യങ്ങൾ ഇന്നുണ്ട്‌.
 
ഇനിയും സംശയങ്ങൾ ഉണ്ടാകുമെന്നറിയാം. സാധിക്കുമെങ്കിൽ അവ ഇൻബോക്‌സിന്‌ പകരം കമന്റിൽ ചോദിക്കൂ. മറുടികൾ മറ്റുള്ളവർക്ക്‌ ഉപകാരപ്പെടും. കൂടുതൽ പേരുടെ മുന്നിൽ വിശദീകരിക്കേണ്ട വിഷയമാണെന്ന്‌ മനസ്സിലാക്കുന്നു... അത്‌ കൊണ്ടാണ്‌...
 
ഒരുപാട്‌ പ്രിയപ്പെട്ടവരുടെ ആരോഗ്യം കാക്കാൻ ചാരെ നിന്ന നല്ല ഓർമ്മകളോടെ...
 
- Dr. Shimna Azeez 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം ?