ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.
പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ മതം.
അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നൈവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.
പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നൈവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.
പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്.
അതുപോലെ സര്‍വ്വാഭീഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.