Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉത്സവത്തിന്‍റെ ഒമ്പതാം ദിവസം പൊങ്കാല

ഉത്സവത്തിന്‍റെ ഒമ്പതാം ദിവസം പൊങ്കാല

അനിരാജ് എ കെ

, ചൊവ്വ, 3 മാര്‍ച്ച് 2020 (21:07 IST)
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.
 
കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (ഒമ്പതാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.
 
ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ചിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.
 
പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു. മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.
 
ഉത്സവത്തിന്‍റെ ഒന്‍പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല നടക്കുന്നത്. ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് പച്ചപന്തലിലിരുന്ന് പാടുന്ന കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ഉടന്‍ തന്നെ പ്രധാന പൂജാരി പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നു.
 
തുടര്‍ന്ന് നടക്കുന്ന ചെണ്ട മേളവും, കതിനാവെടിയും പുറമെയുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കുന്നതിന് സൂചന നല്‍കുന്നു. പൊങ്കാലക്കളങ്ങളായി മാറിക്കഴിഞ്ഞ ക്ഷേത്രത്തിന് ചുറ്റുപാടില്‍ ഉദ്ദേശം അഞ്ചു കിലോമീറ്റര്‍ ദൂരം അടുപ്പുകൂട്ടി നിര്‍ന്നിമേഷരായി പ്രതീക്ഷിച്ചിരിക്കുന്ന സ്ത്രീജനങ്ങള്‍ കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീ കത്തിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റുകാല്‍ ക്ഷേത്രോല്പത്തി