മാറുന്ന പെണ്മുഖം; മാറ്റങ്ങൾ ഒന്നും സ്വയമേവ ഉണ്ടായതല്ല, സമരത്തിലൂടെയും പോരാട്ടങ്ങളിലൂടെയും നേടിയെടുത്തതാണ്!
പിറന്ന് വീണത് പെൺകുട്ടിയെന്ന ഒരൊറ്റ കാരണത്താൽ അവളെ മണ്ണിട്ട് മൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു...
സ്ത്രീ സമത്വമാണ് സമകാലീന സമൂഹം ചർച്ച ചെയ്യുന്ന പ്രധാന വിഷയം. എന്നാൽ, ചിലപ്പോഴൊക്കെ മനപൂർവ്വം പലരും ചർച്ചകൾ ബഹിഷ്കരിക്കുകയും വിഷയം വഴിതിരിച്ച് വിടുകയും ചെയ്യുന്നുണ്ട്. തലയുയർത്തി പിടിച്ച് സംസാരിക്കുന്ന, നാലാൾ കൂടുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്ന പെൺകുട്ടികളെയെല്ലാം ഒതുക്കാൻ മറ്റുള്ളവർ കണ്ടുപിടിച്ച വഴിയാണ് അവർ പെഴയാണ്, പോക്കാണ് എന്നൊക്കെ.
പിറന്ന് വീണത് പെൺകുട്ടിയെന്ന ഒരൊറ്റ കാരണത്താൽ അവളെ മണ്ണിട്ട് മൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നെല്ലാം നാം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷേ ഒന്നും സ്വയമേവ മാറിയതല്ല. മാറ്റിയെടുത്തതാണ്. സമരത്തിലൂടെ, വിപ്ലവങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെയും ചരിത്രമുണ്ടതിന്.
യുദ്ധമായാലും സമാധാനമായാലും രാജ്യത്തെ പ്രതിനിധീകരിക്കാനും കരുത്തുകാട്ടാനും പുരുഷൻമാർക്കൊപ്പം സ്ത്രീകളുമുണ്ട്. ദുർബലരെന്നും അബലെയെന്നുമൊക്കെ അവരെ വിളിച്ചിരുന്ന കാലം കഴിഞ്ഞു. രാഷ്ട്രീയം, ബിസിനസ്, കായികം തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്ത്രീ സാന്നിധ്യം വളരെ ആവേശകരമായ രീതിയിൽ ജ്വലിച്ച് നിൽക്കുകയാണ്.
ഇത്രയധികം മാറ്റങ്ങൾ ഉള്ളപ്പോഴും കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ സ്ത്രീകൾ സുരക്ഷിതരാണോയെന്ന് ചോദിച്ച് പോകും. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം സ്ത്രീസുരക്ഷ തന്നെയാണ്. ആണ്‍ നായകത്വത്തിന്റെ ആരവവും ആറാട്ടുമായ സിനിമകള്‍ക്കും, പെണ്‍വിരുദ്ധ മൊഴികളെ കയ്യടിച്ചാനയിക്കുന്ന ആസ്വാദകര്‍ക്കുമിടയിലേക്ക് ലിംഗരാഷ്ട്രീയത്തിന്റെ സാമൂഹ്യപാഠമായി മാറുന്ന അനേകം സിനിമകൾ ഇപ്പോഴുണ്ട്.
പെൺമയുടെ ആകുലതകൾ ഏറ്റവും നന്നായി പറയാൻ പെണ്ണിന് മാത്രമേ കഴിയുകയുള്ളു. അവള്‍ ധരിച്ച വസ്ത്രമോ, രാത്രിയോ പകലോ ആണിനൊപ്പം യാത്ര ചെയ്യാനുള്ള മനസ്സോ, മദ്യപാനമോ ഒന്നും ലൈംഗിക ക്ഷണമോ അനുമതിയോ അല്ലെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് പലപ്പോഴായി കാലം തന്നെ കാണിച്ച് തരുന്നുണ്ട്.
ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കുന്ന യാഥാർത്ഥ്യമാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിര നീണ്ടുനീണ്ട് നമ്മുടെ കിടപ്പുമുറിയോളം വരുന്നുവെന്ന സത്യം ഒരു ഞെട്ടലോടെ മാത്രമേ ഏറ്റെടുക്കാൻ സാധിക്കൂ.
എന്തിനെങ്കിലും പ്രതികരിക്കുന്ന സ്ത്രീകളെ അപവാദങ്ങൾ പറഞ്ഞും ശാരീരികമായി ഉപദ്രവിച്ചുമാണ് സമൂഹം അകറ്റി നിർത്തുകയാണ്. തെറി വിളിച്ചാൽ, ശരീരികമായി ആക്ഷേപങ്ങൾ ഉയർത്തിയാൽ തലകുനിച്ചിരിക്കുന്ന പെണ്ണല്ല ഇപ്പോഴുള്ളത്.