ചെന്നൈ: തന്റെ ആരാധക സംഘടനയായ മക്കൾ ഇയക്കവുമായും ആരാധകരുമായും നേരിട്ട് സംവദിയ്ക്കുന്നതിന് വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ ഔദ്യോഗിക യുട്യുബ് ചാനൽ ആരംഭിയ്കുന്നു. ആരാധക സംഘടനയുടെ പ്രവർത്തനങ്ങൽ സാമൂഹ്യ മാധ്യമങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് യുട്യൂബ് ചാനൽ ആരംഭിയ്ക്കുന്നത്. വിജയ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളുമെല്ലാം ഈ യുട്യൂബ് ചാനലിലൂടെയായിരിയ്ക്കുമെന്ന് ആരാധക സംഘടനയുടെ ചുമതലയുള്ള എൻ ആനദ് അറിയിച്ചു.
മക്കൾ ഇയക്കത്തിന്റെ ചുമതലകൾ നേരത്തെ വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ ആണ് വഹിച്ചിരുന്നത്. എന്നാൽ സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കാൻ ചന്ദ്രശേഖർ ശ്രമിച്ചതോടെ പിതാവിനെതിരെ പരസ്യമായി തന്നെ വിജയ് രംഗത്തെത്തിയിരുന്നു. പിന്നാലെ മക്കൾ ഇയക്കത്തിലെ ഭൂരിപക്ഷം ഭാരവാഹികളെയും മാറ്റി വിജയ് സംഘടനയിൽ അഴിച്ചുപണി നടത്തുകയും ചെയ്തു. പിതാവ് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെയാണ് സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്തത്. ആരാധക സംഘടനയെ പൂർണമായും വിജയ്‌യുടെ നിയന്ത്രണത്തിലാക്കാനായിരുന്നു ഇത്.