അഹമ്മദാബാദ്: രണ്ട് പ്രാവുകൾ കാരണം കുറച്ചൊന്നുമല്ല യാത്രക്കാരും വിമാന ജീവനക്കാരും ബുദ്ധിമുട്ടിയത്. അഹമ്മദാബാദിൽ നിന്നും ജെയ്പൂരിലേക്ക് പുറപ്പെടാൻ തയ്യാറായി നിന്ന ഗോ എയർ വിമാനത്തിലാണ് രണ്ട് പ്രാവുകൾ കയറിക്കൂടിയത്. ഇതോടെ അര മണിക്കൂറോളം വൈകിയാണ് വിമാനത്തിന് യാത്ര ആരംഭിക്കാനായത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിമാനത്തിൽ കയറികൂടിയ പ്രാവുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കാൻ തുടങ്ങി. കയറി കുടുങ്ങി എന്നുള്ള അവസ്ഥയിലായിരുന്നു പ്രാവുകളും. യാത്രക്കാരും വിമാന ജീവാനക്കാരും ഏറെ പരിശ്രമിച്ച ശേഷമാണ് പ്രാവിനെ പിടികൂടാനായത്. വിമാനം വൈകിയതിൽ അധികൃതർ യാത്രക്കാരോട് ക്ഷമാപണം നടത്തി.
വിമാനത്തിനുള്ളിലെ പ്രാവ് പറക്കുന്ന വീഡിയോ യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. വീഡിയോക്ക് രസകരമായ കമന്റുകളുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രാവിന് ബോഡിങ് പസുണ്ടോ എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.