കള്ളന്‍മാരെ ഭയന്ന് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടമ്മക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. വീട്ടിലെ വർക്ക് ഏരിയയിൽ പഴയ ബുക്കുകളുടെ ഉള്ളിൽ തൂവാലയിൽ പൊതിഞ്ഞാണ് വീട്ടമ്മ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ആക്രി സാധനങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കുന്ന കൂട്ടത്തിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഴയ ബുക്കുകളും വീട്ടമ്മ പഴയത് പെറുക്കാനെത്തിയ സുബ്രഹ്മണ്യന് കൊടുത്തു.
മണീക്കൂറുകൾക്ക് ശേഷമാണ് 17 പവനോളം സ്വർണം സൂക്ഷിച്ചിരുന്ന പഴയ പുസ്തകങ്ങളാണ് താൻ ആക്രി ശേഖരിക്കാൻ വന്നയാൾക്ക് കൊടുത്തത് എന്ന് വീട്ടമ്മ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഇവർ സംഭവം പൊലീസിൽ അറിയിച്ചു. വീടുകളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ സഹായത്തോടെ പൊലീസ് ആക്രി പെറുക്കാനെത്തിയ ആളെ തിരിച്ചറിഞ്ഞു.
എന്നാൽ ഇയളുടെ പക്കൽ നിന്നും കണ്ടെത്തിയ നോട്ടുബുക്കുകളിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഒരു നോട്ട് ബുക്കിനുള്ളിൽ നിന്നും ആഭരണങ്ങൾ പൊതിഞ്ഞിരുന്ന തൂവാല കണ്ടെത്തി. ഇതോടെ സുബ്രഹ്മണ്യനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പിന്നീട് ആഭരണങ്ങൾ കണ്ടെത്തിയത്. തിരുനൽവേലി സ്വദേശിയായ സുബ്രഹ്മണ്യനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു