Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

#സേവ് ആലപ്പാട്, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തി ടൊവിനോ, നന്ദി അറിയിച്ച് ട്രോളർമാർ

ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കുമെന്ന്...

#സേവ് ആലപ്പാട്, മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തി ടൊവിനോ, നന്ദി അറിയിച്ച് ട്രോളർമാർ
, തിങ്കള്‍, 7 ജനുവരി 2019 (12:21 IST)
മതവും രാഷ്ട്രീയവും ഏതായാലും മനുഷ്യത്വമാണ് വലുതെന്നും അത് കൈവിടരുതെന്നും നടൻ ടൊവിനോ തോമസ്. കൊല്ലം ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികല്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ടൊവിനോ.
 
കൊല്ലത്ത് സംസ്ഥാന യുവജന കമീഷന്റെ യൂത്ത് ഐക്കൺ അവാർഡ് ഏറ്റുവാങ്ങവേയാണ് ടൊവിനോ ആലപ്പാടിനു വേണ്ടി ശബ്ദമുയർത്തിയത്. ”സോഷ്യല്‍ മീഡിയയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് കാമ്പെയിനാണ് സേവ് ആലപ്പാട്. എനിക്കിതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കും”. -ടൊവിനോ പറഞ്ഞു.
 
‘നമ്മൾ നമ്മളിലേക്കുതന്നെ നോക്കണം. നമ്മുടെ ഉള്ളിൽ നന്മകൾ ഏറെയുണ്ട്. അത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. ഇന്ന് നാട്ടിൽ നടക്കുന്ന എല്ലാ അസ്വാരസ്യങ്ങൾക്കും മരുന്ന് സ്നേഹമാണ്. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. എന്നാൽ,  തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കുന്നതിന് മടിയില്ല‘.  
 
‘ഒരു മതവും പറഞ്ഞിട്ടല്ല പ്രളയകാലത്ത് മലയാളികൾ ഒന്നിച്ചുപ്രവർത്തിച്ചത്. എല്ലാത്തിനും മീതെയാണ് സ്നേഹവും മനുഷ്യത്വവും. നാം ഇന്ന് പ്രകൃതിയിൽനിന്ന് അകന്നുപോയി. ശാസ്ത്ര പുരോഗതി ഉണ്ടായി. എന്നാൽ, പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് ഓരോരുത്തരും വിലയിരുത്തണം. ആലപ്പാട് എന്ന ഗ്രാമത്തിൽ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല. ജീവിതവും ജീവിക്കുന്ന നാടുമാണ് സിനിമയേക്കാൾ വലുതെന്നും‘ ടൊവിനോ ചൂണ്ടിക്കാട്ടി. 
 
കൊല്ലം ജില്ലയിലെ ആലപ്പാടെന്ന പ്രദേശം, കടലിനും കായലിനും ഇടയ്ക്കുള്ളൊരു ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന ഉപജീവനമാർഗം. കരിമണലാൽ സമ്പുഷ്ടമായ തീരപ്രദേശം കൂടിയാണ് ആലപ്പാട്ട്‌, അത് തന്നെയാണിപ്പോൾ പ്രദേശവാസികൾക്ക് ശാപമായി മാറിയിരിക്കുന്നത്. 
 
കുത്തക കമ്പനിയുടെ അനധികൃതമായ കരിമണൽ ഖനനം, കടലിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽപെട്ട ജനങ്ങളെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിക്കാനെത്തിയ മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. ട്രോളർമാരാണ് ഈ പ്രശ്നം സമൂഹത്തിനു മുന്നിലേക്ക് ഉയർത്തിക്കൊണ്ട് വന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വർഷം 97 ഹർത്താലോ? അവിശ്വസനീയം: സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി