ഹൈദെരാബാദ്: സംസ്ഥാന തലസ്ഥാനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ നടക്കുന്ന സമരത്തിനിടെയാണ് സംഭവം ഉണ്ടായത്. മൂന്ന് തലസ്ഥാനമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ സമരം ചെയ്യുകയാണ് കർഷകർ. സമരം ചെയ്യുന്നവരുടെ അടുത്തെത്തിയ ഡെപ്യുട്ടി കമ്മീഷ്ണറായ വീരറെഡ്ഡിയുടെ കാലിൽ കർഷകർ വീഴുകയായിരുന്നു.
കർഷകർ തന്റെ കാല് പിടിക്കുന്നത് കമ്മീഷ്ണർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ഇതോടെ തന്റെ കാലിൽ വീണ കർഷകരുടെ കാലുതൊട്ട് കമ്മിഷ്ണർ വന്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കർഷകരുടെ കാലു തൊട്ട് വന്ദിക്കുന്നതിൽ നിന്നും തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ കമ്മീഷ്ണർ ശാസിക്കുന്നത് വീഡിയോയിൽ കാണാം.
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാന നഗരി ഒരുക്കും എന്ന് മുഖ്യമന്ത്രി ജനൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. എക്സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണത്തെയും, ലജിസ്‌ലേറ്റിവ് തലസ്ഥാനമായി അമരാവതിയേയും, ജുഡിഷ്യൽ തലസ്ഥാനമായി കർണൂരിനെയും മാറ്റാനാണ് സർക്കാർ നീക്കം. എന്നാൽ മൂന്ന് തലസ്ഥാനങ്ങൾരെന്ന നീക്കം ഒഴിവാക്കണം എന്നും അമരാവതിയെ തന്നെ തലസ്ഥാനമാക്കണം എന്നും ആവശ്യപ്പെട്ട് തലസ്ഥാന നഗരിയുടെ നിർമ്മാണത്തിനായി അമരാവതിയിൽ 33,000 ഏക്കർ കൃഷിഭൂമി വിട്ടുനൽകിയ കർഷകർ സമരത്തിന് ഇറങ്ങുകയായിരുന്നു.