ഇത് പൃഥ്വിരാജിന്റെ മധുര പ്രതികാരം!
എല്ലാ റെക്കോര്‍ഡുകളും പൃഥ്വിരാജ് തച്ചുടയ്ക്കും, അതിന്‍റെ പണി തുടങ്ങി!
പെട്ടെന്ന് തോല്‍വി സമ്മതിക്കുന്നവനല്ല പൃഥ്വിരാജ്. ആരും ഒന്ന് പതറുന്ന സന്ദര്‍ഭങ്ങളില്‍ പോലും അക്ഷോഭ്യനായി പൃഥ്വി നില്‍ക്കുന്ന പല ചിത്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ‘കര്‍ണന്‍’ എന്ന വമ്പന്‍ പ്രൊജക്ട് തന്നില്‍ നിന്ന് അകന്നപ്പോഴും പൃഥ്വി കുലുങ്ങിയില്ല.
പകരം, കര്‍ണനേക്കാള്‍ വലിയൊരു പ്രൊജക്ട് പൃഥ്വി പ്രഖ്യാപിച്ചു. ‘കാളിയന്‍’ എന്ന ആ പ്രൊജക്ടിന്‍റെ ജോലികളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വി. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ഇതിഹാസചിത്രം നിര്‍മ്മിക്കുന്നത് മാജിക് മൂണ്‍ പ്രൊഡക്ഷന്‍സാണ്.
വടക്കന്‍പാട്ടുകളിലെ ഇതിഹാസ കഥാപാത്രമായ കാളിയനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ വേണാടിന്‍റെ എല്ലാമായിരുന്ന കുഞ്ചിറക്കോട്ട് കാളി എന്ന കാളിയന്‍. വീരയോദ്ധാവായ ഇരവിക്കുട്ടി പിള്ളയുടെ വലംകൈ. ഇരവിക്കുട്ടിപ്പിള്ള ചരിത്രത്തിന്‍റെ ഭാഗമായുണ്ട്, എന്നാല്‍ വേണ്ടത്ര എഴുതപ്പെടാത്ത വീരചരിതമാണ് കാളിയന്‍റേത്.
കാളിയന്‍ തികഞ്ഞ അഭ്യാസിയായിരുന്നു. അതിനൊത്ത ശരീരം സ്വന്തമാക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. ജിമ്മില്‍ വലിയ വ്യായാമമുറകള്‍ ചെയ്യുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. ആരേയും വെല്ലുന്ന ശരീരവും കായികക്ഷമതയും സ്വന്തമാക്കാനൊരുങ്ങുകയാണ് പൃഥ്വി.
കാളിയന്‍ എന്ന ചരിത്രം മറന്ന വീര നായകനെ അറിയാനും മനസിലാക്കാനും ഒന്‍പത് വര്‍ഷത്തെ ഗവേഷണം വേണ്ടിവന്നു സംവിധായകന്‍ മഹേഷിന്. കാളിയനാകാന്‍ പൃഥ്വി തയ്യറെടുത്ത് കഴിഞ്ഞു. മനസ്സും ശരീരവും കാളിയനര്‍പ്പിച്ചിരിക്കുകയാണ് പൃഥ്വി.
പൃഥ്വിയുടെ ആദ്യ സംവിധാനസംരംഭമായ ‘ലൂസിഫര്‍’ കഴിഞ്ഞതിനുശേഷം മാത്രമേ കാളിയന്‍ ചിത്രീകരണം ആരംഭിക്കുകയുള്ളു. ഏകദേശം 2019ന്റെ തുടക്കത്തോടെയായിരിക്കും കാളിയന്‍ അങ്കത്തിനിറങ്ങുക. ബാഹുബലിയിലൂടെ കട്ടപ്പയായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച സത്യരാജ് മറ്റൊരു പ്രധാന വേഷം ചെയ്യും.
പ്രധാന കഥാപാത്രങ്ങളെ കൂടാതെ മറ്റ് കഥാപാത്രങ്ങള്‍ക്കായി കസ്റ്റിംഗ് കോള്‍ കോള്‍ നടത്തി നടന്മാരെ തിരഞ്ഞെടുക്കാനാണ് ടീം ഉദ്ദേശിക്കുന്നത്. തമിഴ് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍. ആക്ഷന്‍, കൊറിയോഗ്രാഫി, ജിഎഫെക്‌സ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരുതരത്തില്‍ കിടിലന്‍ വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും.
ഓഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച രാജിവ് നായര്‍ നിര്‍മിക്കുന്ന കാളിയന്റെ ക്യാമറ സുജിത് വാസുദേവ് ആണ് കൈകാര്യം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ടീം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് കാളിയന്‍. ഏതായാലും മലയാളത്തിലെ സകല റെക്കോര്‍ഡുകളും തിരുത്തിയെഴുതാനുള്ള വരവായിരിക്കും കാളിയന്റേതെന്ന് ഉറപ്പിച്ച് പറയാം.