പോരാളി ഷാജിക്ക് 'വീരമൃത്യു'; ആദരാഞ്‌ലി അർപ്പിച്ച് എതിരാളികൾ
എതിരാളികൾ ഈ പേജിനെതിരെ സംഘം ചേർന്ന് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് ചെയ്തതോടെയാണു അക്കൗണ്ടിനു പൂട്ട് വീണത്.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത സിപിഎമ്മിന്റെ നാവായ പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജ് വീരമൃത്യു വരിച്ചു. എതിരാളികൾ ഈ പേജിനെതിരെ സംഘം ചേർന്ന് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് ചെയ്തതോടെയാണു അക്കൗണ്ടിനു പൂട്ട് വീണത്.
സിപിഎമ്മിന്റെ നിലപാടുകളും ബൗദ്ധികമായ വിശദീകരണങ്ങളും എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്ന പോരാളി എന്ന സിപിഎം സൈബർ ലോകത്തെ താരമാണു അസ്തമിച്ചത്. സൈബർ ആക്രമണത്തിന്റെ ഇരകളായ എതിരാളികൾ കൂട്ടമായി പേജിനെതിരെ ഗൂഡാലോചന നടത്തിയതാണു പേജ് പൂട്ടിയതിന്റെ കാരണമെന്നാണു പോരാളിയുടെ ആരാധകർ പറയുന്നത്. സൈബറിടങ്ങളിൽ പോരാളിയെ `കൊന്ന`തിനെതിരെ വൻ പ്രതിഷേധമാണു ഉയരുന്നത്.
ആറു ലക്ഷത്തിലധികം ലൈക്കുകൾ സമ്പാദിച്ച ഈ ഫേസ്ബുക്ക് പേജിൽ ശക്തമായ സിപിഎം രാഷ്ട്രീയം ഉന്നയിച്ച് എതിരാളികളെ നിലം പരിശാക്കുമായിരുന്നു. എന്നാൽ ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇത് തുടരുമെന്നും പറയുന്നു. പൂട്ടുവീണ ഉടൻ തന്നെ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടങ്ങി മണിക്കൂറുകൾക്കു മുമ്പുതന്നെ അര ലക്ഷത്തിലേറെ ലൈക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വലതുപക്ഷചായ്‌വുള്ള തിരുവനന്തപുരം ആസ്ഥാനമായ ഒരു ഓൺലൈൻ മാധ്യമത്തിന്റെ പത്രാധിപരുടെ ശ്രമഫലമായാണു അക്കൗണ്ട് പൂട്ടിയതെന്നാണു പോരാളിയുടെ ആരാധകർ ആരോപിക്കുന്നത്. പോരാളി ഷാജി ഇദ്ദേഹത്തിനെതിരെ പുതിയ എഫ് ബി പേജിലൂടെ വെല്ലുവിളി നടത്തുയും ചെയ്യുന്നുണ്ട്.