‘മമ്മൂക്കയുടെ കസേര വലിക്ക്’ - സിദ്ദിഖിന് പണികൊടുക്കാൻ ശ്രമിച്ച മുകേഷ് ചമ്മി
എല്ലാവർക്കും മമ്മൂക്കയോട് ഭയഭക്തി ബഹുമാനമാണ്: മുകേഷ്
മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് മുകേഷും സിദ്ദിഖും. ഇരുവരും തമ്മിലുള്ള അടുപ്പം എല്ലാവർക്കും അറിയാവുന്നതുമാണ്. ആദ്യം സിനിമയിൽ എത്തിയത് മുകേഷാണ്. സിനിമയിൽ വരുന്ന സമയത്ത് മുകേഷിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും കണ്ടപ്പോൾ തന്നെ അടുത്തുവെന്നും സിദ്ദിഖ് പറയുന്നു. മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ആദ്യകാല അനുഭവങ്ങൾ ഇരുവരും തുറന്നു പറഞ്ഞത്.
‘മുകേഷ് 82ലാണ് വന്നത്. 88 ആയപ്പോഴാണ് ഞാൻ വരുന്നത്. വളരെ ചെറിയ വേഷങ്ങളിലൂടെയായിരുന്നു വന്നത്. എന്റെ മോഹങ്ങൾ അന്നൊക്കെ അത്രയേ ഉള്ളു. ചെറിയ വേഷമൊക്കെ ചെയ്യണം. സിനിമയിൽ നിക്കണം. സിനിമയിൽ ഉള്ളവരെ കാണണം എന്നുള്ളതായിരുന്നു വലിയ സ്വപ്നമായി കണ്ടിരുന്നത്.’
‘നായർ സാബ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മുകേഷിനെ ആദ്യമായി കാണുന്നത്. ഷൂട്ടിംഗ് കശ്മീരിലാണ്, കശ്മീരിൽ എത്തണമെന്ന് പറഞ്ഞു. അന്ന് ഫോണൊന്നും ഇല്ലായിരുന്നു. അന്ന് ട്രെയിനൊക്കെ
കയറിയാണ് ലൊക്കേഷനിൽ എത്തിയത്‘.
‘ലൊക്കേഷനിൽ പരിചയമുള്ളത് മണിയൻപിള്ള രാജുവിനെ ആണ്. അപ്പോൾ മുകേഷ് അവിടെ നിൽക്കുന്നുണ്ട്. പുള്ളി അടുത്തേക്ക് വന്ന് തോളത്ത് കൈയിട്ട് ചോദിച്ചു ‘ഒരുപാട് ബുദ്ധിമുട്ടിയാണ് അല്ലേ വന്നത്?’. മുകേഷ് എങ്ങനെയാണ് അതറിഞ്ഞതെന്ന് എനിക്കറിയില്ല. ഇല്ലെന്ന് ഞാനും പറഞ്ഞു. അന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടെത്. സിനിമയിൽ എന്നെക്കാളും സീനിയർ ആണ് മുകേഷ്. ഞാൻ വരുന്നതിനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സിനിമയിലെത്തി. പിന്നീട് ഞങ്ങളൊരുമിച്ച് സിനിമ ചെയ്യുന്നു, താമസിക്കുന്നു.’
സിദ്ദിഖ് ഇതുപറഞ്ഞ് കഴിഞ്ഞപ്പോൾ മുകേഷിന് മറ്റൊരു സംഭവം ഓർമ വന്നു. അതും നായർസാബിന്റെ ലൊക്കേഷനിൽ വെച്ച് നടന്ന സംഭവം തന്നെ.
‘സിദ്ദിഖ് ഒക്കെ പുതിയ ആൾക്കാരാണ്. ആളുകളെ മനസ്സിലാക്കാൻ ചെറിയ പരിപാടിയൊക്കെ ഉണ്ടായിരുന്നു. മമ്മൂക്കയാണ് ചിത്രത്തിലെ ഹീറൊ. എല്ലാവർക്കും വളരെ ഭയഭക്തി ബഹുമാനമാണ് മമ്മൂക്കയോട്. സീനിയറുമാണ്. സിദ്ദിഖ് കൂടെ നിൽക്കുന്നുണ്ട്. എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കുകയാണ്. ഒരു കസേര അവിടെ കിടപ്പുണ്ട്. മമ്മൂക്ക നടന്നു വരികയാണ്. കസേരയിൽ ഇരിക്കാൻ. അപ്പോൾ ഞാൻ സിദ്ദിഖിനോട് പറഞ്ഞു- ‘കസേര വലിക്ക്ം കസേര വലിക്ക്‘. പുള്ളി പകുതി പോയി. അപ്പോഴാണ് മമ്മൂക്കയെ കാണുന്നത്. അപ്പോഴേക്കും മമ്മൂക്ക അതിൽ ഇരുന്നു‘.
സിദ്ദിഖ് എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു ‘ഇങ്ങനെയൊക്കെയാണ് ഓരൊരുത്തർ കയറിക്കയറി വരുന്നതെന്ന്’. എന്തായാലും അപ്പോൾ മനസ്സിലായി സിദ്ദിഖിനെ അങ്ങനെ പെട്ടന്ന് പറ്റിക്കാൻ പറ്റത്തില്ലായെന്ന്.- മുകേഷ് പറയുന്നു.