Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല യുവതി പ്രവേശനം: വിവാദങ്ങളില്‍ നിലപാടറിയിച്ച് എംടി

ശബരിമല യുവതി പ്രവേശനം: വിവാദങ്ങളില്‍ നിലപാടറിയിച്ച് എംടി

ശബരിമല യുവതി പ്രവേശനം: വിവാദങ്ങളില്‍ നിലപാടറിയിച്ച് എംടി
കോഴിക്കോട് , ശനി, 3 നവം‌ബര്‍ 2018 (12:56 IST)
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്ന് എംടി വാസുദേവന്‍ നായര്‍.

നാടിന്റെ ഭാവി നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇത്തരം സമരങ്ങളെ അനുകൂലിക്കില്ല. നവോഥാനത്തിലൂടെ  സംസ്‌കാരമഹിമ ആര്‍ജ്ജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം ടി പറഞ്ഞു.

സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ സ്‌ത്രീകളെ സംഘടിപ്പിച്ചു കൊണ്ടുള്ള ഈ സമരം പിന്നോട്ട് പോകലാണ്.
സ്ത്രീയെ രണ്ടാം തരക്കാരാക്കി നിലനിര്‍ത്താനാണ് ശ്രമം നടക്കുന്നത്. അതിന് സ്ത്രീയെ തന്നെ കരുവാക്കുകയാണ്. സ്‌ത്രീയോ ഏതെങ്കിലും ജാതിയില്‍ പെട്ടവനോ എത്തിയാല്‍ തീരുന്നതല്ല ദൈവീകശക്തിയെന്നും എംടി വ്യക്തമാക്കി. 

വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വെയ്പാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയും ഇടപെടലും കേരളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എതിര്‍ക്കാനാവില്ല. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ നോക്കുമ്പോള്‍ ചിലര്‍ നമ്മളെ തിരിച്ച് നടത്തുകയാണ്. ഇത് അങ്ങേയറ്റം അപകടകരമാണെന്നും എംടി പറഞ്ഞു.

ഗുരുവായൂരില്‍ നടന്ന ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു.
ഗുരുവായൂരപ്പന്റെ തേജസിന് കുറവ് വരുമെന്നായിരുന്നു അന്നത്തെ പ്രചാരണം. എന്നാല്‍, ആ തേജസിന് കുറവുണ്ടായിട്ടില്ലെന്ന് ദൈവവിശ്വാസികള്‍ക്ക് അറിയാം. തെറ്റുകള്‍ തെറ്റായി നിലനിര്‍ത്താമെന്ന് കരുതുന്നത് മൂഢത്തരമാണെന്നും ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ എംടി കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു