ഹർത്താലുകൾക്ക് പേരുകേട്ട സംസ്ഥാനമാണ് കേരളം. ഇപ്പോൾ സംസ്ഥാനത്ത് ഹർത്താലുകൾ കുറഞ്ഞിട്ടുണ്ട് എങ്കിലും ഹർത്താൽ എന്ന വാക്കിന് രാജ്യത്ത് കൂടുതൽ പ്രചാരം നൽകിയ മലയാളികൾക്ക് അഭിമാനിക്കാം. ഹർത്താൽ എന്ന വാക്കിനെ ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയിരിയ്ക്കുകയാണ്. ഓക്സ്ഫോർഡ് ഇംഗ്ലിഷ് അഡ്വാൻസ് ലേർണേഴ്സിന്റെ ഏറ്റവും പുതിയ പതിപ്പിൽ പുതുതായി ചേർത്ത ഇന്ത്യൻ ഇംഗ്ലീഷ് പദങ്ങളുടെ കൂട്ടത്തിലാണ് ഹർത്താൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ ഇംഗ്ലീഷിൽ ഏറെ പ്രചാരത്തിലുള്ള ആധാർ, പാത്രമെന്നോ ചോറ്റുപാത്രം എന്നോ അർത്ഥം വരുന്ന 'ഡബ്ബ' വിവഹം എന്ന് അർത്ഥം വരുന്ന 'ശാദി' എന്നീ വാക്കുകളും പുതുതായി ഡിക്ഷണറിയിൽ ഇടം പിടിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ്, ട്യൂബ് ലൈറ്റ്, ഡീംഡ് യൂണിവേഴ്സിറ്റി, എഫ്ഐആർ തുടങ്ങിയ ഇന്ത്യൻ പ്രയോഗങ്ങളൂം പുതുതായി ഡിക്ഷ്ണറിയിൽ ഇടം കണ്ടെത്തി. ചാറ്റ്ബോട്ട്, ഫെയ്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് എന്നിവയാണ് ഇംഗ്ലീഷിൽ പുതുതായി ഉൾപ്പെടുത്തിയ വാക്കുകളിൽ ചിലത്.
മോഷ്ടാവ് എന്ന് അർത്ഥം വരുന്ന 'ലൂട്ടർ' മോഷണം എന്ന് അർത്ഥം വരുന്ന 'ലൂട്ടിങ്' വൈദ്യുതി എന്ന് അർത്ഥമാക്കുന്ന 'കറന്റ്', ഉപജില്ല' എന്നീ പദങ്ങൾ ഓൺലൈൻ പതിപ്പിലും ഇടം കണ്ടെത്തിയിട്ടുണ്ട്. പുതിയ വാക്കുകൾ ഇനിമുതൽ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും. ഡിക്ഷണറി ഓഫ് ഇംഗ്ലീഷിന്റെ പത്താം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പടെ പുതുതായി ആയിരം വാക്കുകളാണ് ഉൾപ്പെടുത്ത്തിയിരിയ്ക്കുന്നത്.