ബറേലി: വരന്റെ സുഹൃത്തുക്കൾ നൃത്തവേദിയിലേയ്ക് വലിച്ചിഴച്ച് കൊണ്ടുപോയതിനെ തുടർന്ന് വധു വിവാഹത്തിനിന്നും പിൻമാറി. ഉത്തർ പ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ബറേലി സ്വദേശിയായ വരനും കനൗജ് സ്വദേശിയായ വധുവും തമ്മിലായിരുന്നു വിവാഹം. വെള്ളിയാഴ്ച വധുവും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരന്റെ ചില സുഹൃത്തുക്കൾ ചേർന്ന് നൃത്തവേദിയിലേയ്ക്ക് വധുവിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വിവാഹത്തിൽനിന്നും പിൻമാറാൻ വധു തീരുമാനിയ്ക്കുകയായിരുന്നു. മകളെ ബഹുമാനിയ്ക്കാൻ കഴിയാത്ത ഒരാളെ വിവാഹം കഴിയ്ക്കാൻ നിർബന്ധിയ്ക്കാനാകില്ല എന്ന് വധുവിന്റെ പിതാവും നിലപാട് സ്വീകരിച്ചു. പിന്നാലെ വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിനെതിരെ സ്ത്രീധന പരാതിയും നൽകി. 6.5 ലക്ഷം രൂപ തിരികെ നൽകാം എന്ന് സമ്മതിച്ചതിനെ തുടർന്ന് ഇരു പക്ഷവും തമ്മിൽ ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. വരന്റെ കുടുംബം വിവാഹത്തിന് വീണ്ടും താൽപര്യം അറിയിച്ചെങ്കിലും വധു ഇത് നിരസിയ്ക്കുകയായിരുന്നു.