Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വധുവിന്റെ ഉമ്മ പോലും പങ്കെടുത്തില്ല, വിവാഹത്തിന് ആകെ 4 പേർ; ഇത് കൊറോണക്കാലത്തെ മാതൃക

വധുവിന്റെ ഉമ്മ പോലും പങ്കെടുത്തില്ല, വിവാഹത്തിന് ആകെ 4 പേർ; ഇത് കൊറോണക്കാലത്തെ മാതൃക

അനു മുരളി

, തിങ്കള്‍, 30 മാര്‍ച്ച് 2020 (10:17 IST)
ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഘോഷങ്ങളെല്ലാം തന്നെ  മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ, ലോക്ക് ഡൗൺ നിർദേശങ്ങളെല്ലാം പാലിച്ച് ആലപ്പുഴയിൽ ഒരു വിവാഹം നടന്നിരിക്കുകയാണ്. 
 
ആലപ്പുഴ വണ്ടാനം വാണിയം പറമ്പ് ഇബ്രാഹിം കുട്ടിയുടെയും ലൈല ബീവിയുടെയും മകള്‍ ശബാനയുടെയും കായംകുളം മുക്കവല മോനി ഭവനില്‍ സലിം രാജിന്റെയും ബുഷ്‌റയുടെയും മകന്‍ സബീലിന്റെയും വിവാഹമാണ് മാതൃകയായത്. നാല് പേര്‍ മാത്രമാണ് ഇവരുടെ നിക്കാഹില്‍ പങ്കെടുത്തത്.
 
വിദേശത്ത് ആയിരുന്നു സബീലിന്റെ കുടുംബം വിവാഹ ഒരുക്കങ്ങള്‍ക്ക് വേണ്ടി നേരത്തെ തന്നെ നാട്ടില്‍ എത്തിയിരുന്നു. എന്നാൽ, അപ്പോഴാണ് കൊറോണ വില്ലനായി എത്തിയത്. ജോലിയുടെ ആവശ്യം മൂലം ഏപ്രിലിൽ സബീലിനു വിദേശത്തേക്ക് തിരികെ പോകേണ്ടതുണ്ട്. അതിനാൽ വിവാഹം മറ്റൊരു ദിവസത്തേക്ക് വെയ്ക്കാമെന്ന് തീരുമാനിക്കാൻ കഴിയാതെ വരികയായിരുന്നു.
 
തൊട്ടടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും വിവാഹത്തില്‍ പങ്കെടുത്തില്ല. സബീലും അനുജന്‍ സജീറും കായംകുളം പള്ളി മഹലിന്റെ വിവാഹ രജിസ്റ്ററുമായി കാറില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ശബാനയുടെ പിതാവ് ഇബ്രാഹിംകുട്ടിയും മഹല്ല് ഭാരവാഹിയും അടക്കം വിവാഹത്തിന് ആകെ നാലുപേര്‍. ശബാനയുടെ ഉമ്മ ലൈല പോലും വിവാഹം നടക്കുന്നിടത്തേക്ക് വന്നില്ല. നിക്കാഹിനു ശേഷം വധുവിനെയും കൂട്ടി സബീല്‍ കായംകുളത്തെ വീട്ടിലേക്ക് തിരിച്ചു.
 
കോവിഡ് നിയന്ത്രണം മാറിക്കഴിഞ്ഞ് ക്ഷണിച്ചവര്‍ക്കെല്ലാം വിവാഹ സല്‍ക്കാരം ഒരുക്കുമെന്ന് ഇബ്രാഹിംകുട്ടിയും സലിംരാജും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ സമൂഹത്തിന് വലിയ ഉദാഹരണമാണെന്നാണ് ഏവരും പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പായിപ്പാട് സംഭവം: വിലക്ക് ലംഘിച്ച് കൂട്ടം ചേർന്നതിന് കേസെടുത്ത് പൊലീസ്, ക്യാംപുകളിൽ റെയിഡ്, മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു