മഞ്ഞുകാലം വരുന്നു; തണുപ്പിനെ നേരിടാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് കോട്ടുകള്‍ വാങ്ങുന്നു
വിവിധ ഗോശാലകളിലുള്ള പശുക്കള്‍ക്ക് ചണക്കോട്ടുകള്‍ വാങ്ങാനാണ് അയോധ്യ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ തീരുമാനം.
ഡിസംബര്‍ വരാനിരിക്കെ കൊടുംതണുപ്പില്‍ നിന്ന് അയോധ്യയിലെ പശുക്കളെ രക്ഷിക്കാന്‍ കോട്ടുകള്‍ വാങ്ങാന്‍ തീരുമാനം. വിവിധ ഗോശാലകളിലുള്ള പശുക്കള്‍ക്ക് ചണക്കോട്ടുകള്‍ വാങ്ങാനാണ് അയോധ്യ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ തീരുമാനം.
നവംബര്‍ മാസം അവസാനിക്കും മുമ്പെ കോട്ടുകള്‍ ഗോശാലകള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. 250 മുതല്‍ 300 രൂപാവരെ വിലയുള്ള കോട്ടുകളാണ് പശുക്കളെ തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ വാങ്ങുന്നത്. ബൈഷിങ് പൂരിലെ ഒരു ഗോശാലയില്‍ മാത്രം 1800 ല്‍പരം കാലികളുണ്ട്. പശുക്കള്‍ക്കും കാളകള്‍ക്കും തമ്മിലുള്ള കോട്ടിന്റെ നിലവാരത്തിലും വിവേചനമുണ്ട്.
കാളകള്‍ക്ക് വെറും ചണം കൊണ്ടുള്ള കോട്ടുകളും പശുക്കള്‍ക്കും പശുക്കിടാവിനും മൃദുവായ തുണികളും ചണവും ഒന്നിച്ച് ഉപയോഗിച്ച് നിര്‍മിക്കുന്ന കോട്ടുകളുമാണ് നല്‍കുന്നതെന്ന് അയോധ്യമുന്‍സിപ്പല്‍ കമ്മീഷണര്‍ വ്യക്തമാക്കി.