22.6 ദശലക്ഷ ഡോളറാണ് ഫെയിസ്ബുക്ക് മേധവി മാർക്ക് സർക്കർബർഗിന്റെ സുരക്ഷക്കായി കഴിഞ്ഞ വർഷം ഫെയിസ്ബുക്ക് ചിലവാക്കിയത്. ഇന്ത്യൻ രൂപയിൽ ഇത് 156.30 കോടി വരും. ഒരു രൂപ ശമ്പളം വാങ്ങുന്ന സർക്കർബർഗിന്റെ സുരക്ഷക്ക് ചിലവാക്കുന്ന തുകയാണിത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സുരക്ഷക്കായി ചിലവിട്ട ഏറ്റവും ഉയർന്ന തുകയാണിത് എന്നാണ് ഫെയിസ്ബുക്ക് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്.
അതേസമയം ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ മേധാവി സുന്ദർ പിച്ചെയുടെ സുരക്ഷക്ക് കഴിഞ്ഞ വർഷം ഗൂഗിൾ ചിലവിട്ടത് 12 ലക്ഷം ഡോളറാണ് അതായത് 8.31 കോടി ഇന്ത്യൻ രൂപ.. സുന്ദർ പിച്ചെയുടെ സുരക്ഷ ഇനിയും വർധിപ്പിക്കാനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. യുട്യൂബ് ആസ്ഥാനത്ത് ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് സുന്ദർ പിച്ചെയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഗൂഗിൾ തീരുമാനിച്ചത്.
2017 6.8 ലക്ഷം ഡോളറായിരുന്നു ഗൂഗിൾ പിച്ചെയുടെ സുരക്ഷക്കായി ചിലവിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പുണ്ടായതോടെ സുന്ദർ പിച്ചെയുടെ സുരക്ഷ ഇരട്ടിയായി വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.