സമകാലീനകലയിലെ പരമ്പരാഗത രീതികളെ പൊളിച്ചെഴുതി കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാംലക്കം ഒരുക്കിയ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, ചിത്രം, പ്രതിമ, പ്രതിഷ്ഠാപനം എന്നിവയ്ക്ക് പുറമേ ചലച്ചിത്രങ്ങളിലും പുത്തന്‍ തെരഞ്ഞെടുപ്പു നടത്തി സമൂഹത്തോട് ഗൗരവമായി സംവദിക്കുന്നു.
ഡോ സി എസ് വെങ്കിടേശ്വരന്‍, മീനാക്ഷി ഷെഡെ എന്നിവര്‍ ചേര്‍ന്ന് ക്യൂറേറ്റ് ചെയ്ത ബിനാലെ ചലച്ചിത്രമേളയില്‍ 13 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമ്പതു മലയാള ചിത്രങ്ങളും, കോര്‍ത്ത, മറാത്തി, തമിഴ്, കന്നഡ എന്നീ ഭാഷാചിത്രങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 10 വരെയാണ് ചലച്ചിത്രമേള.
ജാതീയമായ ചിന്തയില്‍ നിന്നൊക്കെ ഏറെ മുന്നോട്ടു പോയി എന്ന് അവകാശപ്പെടുന്ന മലയാളി സമൂഹത്തിലെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടുന്നതാണ് ബിനാലെ ചലച്ചിത്രമേളയിലെ സിനിമകള്‍ എന്ന് ക്യൂറേറ്റര്‍ ഡോ സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. എല്ലാം ജാതീയവും ലിംഗപരവുമായ ഉച്ചനീചത്വങ്ങളെ ചര്‍ച്ച ചെയ്യുന്ന സിനിമകളാണ്. തെരഞ്ഞെടുത്ത എല്ലാ സിനിമയും ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആകെയുള്ള ഒമ്പത് മലയാളം ചിത്രങ്ങളില്‍ ആറും നവാഗത സംവിധായകരുടേതാണെന്ന പ്രത്യേകതയും ഉണ്ടെന്നും സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു.
കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയമായ ചേരിതിരിവ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രാഷ്ട്രീയത്തിലും മതത്തിലും വരെ ഈ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നു. മലയാളസിനിമയില്‍ ജാതിവ്യവസ്ഥ മുഖ്യപ്രമേയമായി ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ ഇതിനുമുമ്പ് വിരളമായിരുന്നുവെന്ന് വെങ്കിടേശ്വരന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജാതിവേര്‍തിരിവുകള്‍ മനസിലാക്കാന്‍ മലയാളസിനിമയ്ക്ക് എന്തു കൊണ്ട് സാധിച്ചില്ലെന്നതും ചര്‍ച്ചയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഷാനവാസ് നാറാണിപ്പുഴയുടെ 'കരി', സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി', രഞ്ജിത് ചിറ്റാഡെയുടെ 'പതിനൊന്നാം സ്ഥലം', സജി പാലമേലിന്റെ 'ആറടി', പി എസ് മനുവിന്റെ 'മണ്‍റോത്തുരുത്ത', എസ് സുനിലിന്റെ 'മറുഭാഗം', വിധു വിന്‍സെന്റിന്റെ 'മാന്‍ഹോള്‍', സഹീര്‍ അലിയുടെ 'കാപ്പിരിത്തുരുത്ത്' എന്നിവയാണ് മലയാള ചിത്രങ്ങള്‍.
അന്യഭാഷാ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത നിരൂപകയായ മീനാക്ഷ ഷെഡെയാണ്. ബികാസ് മിശ്രയുടെ ചതുരംഗ, നാഗരാജ് മഞ്ജുലെയുടെ മറാത്തി ചിത്രം സായിരാത്ത്, ജോണ്‍ എബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുത'യുടെ തമിഴ് പതിപ്പ്, ബി വി കരന്തിന്റെ കന്നഡ ചിത്രം ചോമ്‌ന ദുഡി എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകമാനം ജാതിവ്യവസ്ഥയിലൂന്നി നടക്കുന്ന നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിപാദിക്കുന്നവയാണ് ഈ സിനിമകള്‍.
സമകാലീനപ്രശ്‌നങ്ങളെ പൊതുജനമധ്യത്തില്‍ ചര്‍ച്ചയാക്കുന്ന വിഷയമാണ് ചലച്ചിത്രമേളയ്ക്കായി തെരഞ്ഞെടുത്തതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു അറിയിച്ചു. ഒന്നിനൊന്നു മികച്ച ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് മികച്ച ദൃശ്യാനുഭവമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.