ഫ്‌ളൈറ്റ് യാത്ര വല്ലപ്പോഴുമേ ഉണ്ടാകാറുള്ളു. അപ്പോഴൊക്കെ ഫോര്‍മാലിറ്റീസ് കഴിഞ്ഞ് ഫ്‌ളൈറ്റില്‍ കയറുമ്പോള്‍ അടുത്ത സീറ്റില്‍ ആരായിരിക്കും എന്ന ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. കാരണം, ആദ്യ വിദേശ യാത്ര ഒറ്റയ്ക്കായിരുന്നു. അപ്പോള്‍ സീറ്റിനപ്പുറവും കൈയ്യും കാലും നീട്ടിവെച്ച് വിശാലനായിരുന്ന്, ഇടക്കൊക്കെ മുട്ടിയുരുമ്മാന്‍ ശ്രമിച്ച ഒരു സഹയാത്രികന്‍ കുളമാക്കിയ യാത്രയുടെ ഓര്‍മ്മ തന്ന കരുതലാണത്. ഈ യാത്ര ഷാര്‍ജയില്‍ നിന്നും കൊച്ചിയ്ക്കാണ്. ഫ്‌ളൈറ്റ് എയര്‍ അറേബ്യയാണ്. എന്റെയൊപ്പം കുട്ടിയുമുണ്ട്. വിന്‍ഡോ സീറ്റില്‍ കുട്ടിയെ ഇരുത്തി, നടുക്ക് ഞാനിരുന്നാല്‍, അതിനടുത്ത് വരാന്‍ പോകുന്നയാള്‍ പുരുഷനാണോ സ്ത്രീയാണോ മുട്ടിയിരിക്കാന്‍ നോക്കുന്നവരാണോ, അല്ലയോ, എന്നൊന്നും ഒരുറപ്പുമില്ല.
തല്‍ക്കാലം കുട്ടിയെ നടുവിലിരുത്തി ഞാന്‍ വിന്‍ഡോ സീറ്റിലിരുന്നു. ഞങ്ങളുടെ ഇടതുവശത്ത് വന്നിരുന്നയാള്‍ ചെറുപ്പക്കാരനായിരുന്നു. അയാള്‍ ചാരനിറമുള്ള പാന്റും വെളളയില്‍ ഗ്രേചെക്ക് ഡിസൈനുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. ലേശം നരച്ച താടിയും ചിരി പടരുന്ന ഭാവവുമാണ്. മുപ്പത്തഞ്ച് വയസിനപ്പുറം പ്രായമുണ്ടാവില്ല. എന്റെ വികൃതിക്കുട്ടി അയാളേയും കടന്ന് സീറ്റിന് പുറത്തേക്ക് പോകാന്‍ കുതിക്കയാണ്. ഒതുക്കിയിരുത്താന്‍ ഞാന്‍ ബദ്ധപ്പെട്ടു. ഫ്‌ളൈറ്റ് പുറപ്പെടാറായി. ഇന്‍സ്ട്രക്ഷനുകളുമായി എയര്‍ഹോസ്റ്റസും ക്യാബിന്‍ ക്രൂവും വരിയിലുണ്ട്.
'ചേച്ചി ബുദ്ധിമുട്ടണ്ട, ഞാന്‍ വിന്‍ഡോ സീറ്റിലിരുന്നു കൊള്ളാം, കൊച്ചിനെ നടുവിലിരുത്തി ചേച്ചി ഈ സീറ്റിലിരുന്നോളു,' പിടിച്ചാല്‍ നില്‍ക്കാന്‍ കൂട്ടാക്കാത്ത വികൃതിയെ മാനേജ് ചെയ്യാനുള്ള എന്റെ പെടാപ്പാട് കണ്ട് അയാള്‍ സൗഹൃദപൂര്‍വം പറഞ്ഞു, ആശ്വാസമായി. ഞാന്‍ കുട്ടിയെ നടുവിലിരുത്തി. അയാള്‍ വിന്‍ഡോ സീറ്റിലേക്ക് മാറിയിരുന്ന് അഡ്ജസ്റ്റ് ചെയ്തു.
ഫ്‌ളൈറ്റ് പുറപ്പെടാന്‍ അനൗണ്‍സ്‌മെന്റ് വന്നു. ഞങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി. വിമാനം സ്വപ്നത്തിന്റെ പാതയിലേക്കെന്ന പോലെ ആകാശത്തേയ്ക്ക് പൊങ്ങിപ്പറന്നു തുടങ്ങി. മേഘങ്ങളുടെ ആഴങ്ങളുടേയും ഉയരങ്ങളുടേയുമിടയിലൂടെ അത് ഒഴുകിക്കൊണ്ടിരുന്നു. ഭൂമി, അതിന്റെ തുടിപ്പുകള്‍, മരങ്ങളുടെ പച്ചപ്പ്, വീടുകള്‍, നഗരങ്ങള്‍, മനുഷ്യര്‍ ഒക്കെയും എത്ര അനായാസേനയാണ് ഉയരം താഴേക്ക് താഴേക്ക് എറിഞ്ഞു കളയുന്നത്.
കുട്ടിക്ക് ചെവിയടവ് വരികയോ കരയുകയോ ഉണ്ടായില്ല ഭാഗ്യം. അത് വികൃതി കാണിക്കുകയും അടുത്തിരിക്കുന്ന ആളുടെ മടിയില്‍ ഇരിക്കാന്‍ ശ്രമിക്കുകയും പോക്കറ്റില്‍ നിന്നും പേന എടുക്കാന്‍ നോക്കുകയുമൊക്കെ ചെയ്യുന്നു. ഇടയ്ക്ക് ഷൂവിട്ട കാലുകൊണ്ട് അയാളുടെ പാന്റില്‍ ചവിട്ടുന്നുമുണ്ട്. അയാളാവട്ടെ, ചെറുചിരിയോടെ കുട്ടിയെ കളിപ്പിക്കുന്നു. എങ്കിലും ഞാന്‍ ക്ഷമ ചോദിച്ചപ്പോള്‍ 'സാരമില്ല, കുട്ടികള്‍ ഇങ്ങനെ വേണ്ടേ,' എന്നയാള്‍ എന്നെ സമാധാനിപ്പിച്ചു.
അയാള്‍ വായിക്കാന്‍ കൈയ്യിലെടുത്തു പിടിച്ചിരുന്ന പുസ്തകം ഞാന്‍ ശ്രദ്ധിച്ചു. കുട്ടി അയാളെ വായിക്കാന്‍ സമ്മതിക്കുന്നുമില്ലല്ലോ. അത് ബ്രയാന്‍ എല്‍വീസിന്റെ 'Many lives Many Masters' എന്ന പുസ്തകമായിരുന്നു. 'ഈ പുസ്തകം ക്യൂരിയസാണ്. വിശ്വാസമൊന്നുമില്ല. മനുഷ്യന്റെ പല ജന്മങ്ങളില്‍. എന്നാലും വായന രസം തോന്നുന്നതാണ്,' ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടാവും അയാള്‍ പറഞ്ഞു.
ഞങ്ങള്‍ പരിചയപ്പെട്ടു. തന്റെ പേര് ജോണ്‍ എന്നാണെന്നും, പത്തനംതിട്ട കുമ്പഴയിലാണ് വീടെന്നും അയാള്‍ പറഞ്ഞു. ഷാര്‍ജയില്‍ ബിസിനസാണ്. നാട്ടിലേക്ക് പോവുകയാണ്. ജോണിന്റെ കണ്ണുകള്‍ ഇടയിലെപ്പോഴോ ഞാന്‍ ശ്രദ്ധിച്ചു. ആ കണ്ണുകളില്‍ സൂര്യനെ മൂടിവെച്ചിരുന്നത് പോലെ തോന്നി. അത്തരം കണ്ണുകളുള്ള ഒരാളെ ഞാന്‍ എപ്പോഴോ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്ന് കുഴങ്ങി. ആരാണെന്നോ, എവിടെയാണന്നോ തിട്ടമില്ല. അതൊരു സ്ത്രീയുടെ കണ്ണുകളെന്നോ പുരുഷന്റേതെന്നോ എന്നു പോലും...!
കുട്ടിയുടെ വികൃതികളൊക്കെ ജോണ്‍ ഹൃദ്യമായി ആസ്വദിച്ചതു പോലെ തോന്നി. ഇതിനിടയില്‍ ഭക്ഷണം വന്നു. എയര്‍ അറേബ്യയില്‍ സാധാരണ ഭക്ഷണം നമ്മള്‍ പേ ചെയ്യണം. ഞാന്‍ സാന്‍ഡ് വിച്ചും, ചായയും ഓര്‍ഡര്‍ ചെയ്തു. കുട്ടിക്ക് ചോക്ലേറ്റും ബിസ്‌ക്കറ്റും വാങ്ങി. ജോണ്‍ കോളയും, കട്‌ലറ്റും കഴിച്ചു.
ജോണ്‍ ഇടവിടാതെ സംസാരിച്ചുകൊണ്ടിരുന്നു. ഫ്‌ളൈറ്റ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തത് അറിഞ്ഞതേയില്ല. അപരിചിതരോട് അത്ര പെട്ടന്ന് സംസാരിക്കാന്‍ വിമുഖതയുള്ളത് കൊണ്ടു കൂടി ജോണിന്റെ വിവരങ്ങളൊക്കെ അധികം ചോദിച്ചറിഞ്ഞതുമില്ല. പക്ഷേ ജോണിനെ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു.
കുമ്പഴയിലെ വീട്, ജോണിന്റെ മാതാപിതാക്കള്‍, അധ്യാപകരായിരുന്ന ഉമ്മന്‍ സാറും, മാമി ടീച്ചറും, ബാങ്കില്‍ ജോലിയുള്ള ചേച്ചി ജെസീന്ത...,എല്ലാവരെപ്പറ്റിയും ജോണ്‍ പറഞ്ഞു. ഉമ്മന്‍ സാര്‍ ജോണിന് പത്തു വയസുള്ളപ്പോള്‍ അറ്റാക്ക് വന്നു മരിച്ചു. മഠത്തില്‍ പോകാനിരുന്ന ജെസീന്ത ചേച്ചിക്കന്ന് ജോണിനേക്കാള്‍ എട്ടൊമ്പത് വയസ് മൂപ്പുണ്ട്. ചേച്ചി പോയില്ല. കല്യാണം കഴിച്ചതുമില്ല. ജോണിനും അതുകൊണ്ട് കല്യാണം കഴിക്കാന്‍ തോന്നിയില്ല. ജോണ്‍ പാടും, തബല വായിക്കും, ക്രിക്കറ്റ് കളിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജില്ലാ ക്രിക്കറ്റ് ടീമിലെ മെമ്പറായിരുന്നു. കൃഷിയില്‍ താത്പര്യമുണ്ട്. ഐടിഐ തോറ്റിരുന്നപ്പോള്‍ വീടിനു ചുറ്റും നട്ട പ്ലാവും മാവുമൊക്കെ ഇപ്പോള്‍ വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞിട്ടുണ്ട്
'ചേച്ചി വീട്ടിലെത്തിയാല്‍ വിളിക്കണം കേട്ടോ. ചേട്ടനുമായി ഒരിക്കല്‍ വാ ഞങ്ങടെ പത്തനംതിട്ടയ്ക്ക്. വീട് നല്ല രസവാ. കൊച്ചിന് ഓടിക്കളിക്കാന്‍ വെല്യ മിറ്റവൊക്കെയാ,' ജോണ്‍ നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഞാന്‍ ഫോണെടുത്ത് ജോണ്‍ തന്ന നമ്പര്‍ ഡയല്‍ ചെയ്ത് സേവ് ചെയ്തു. എന്റെ നമ്പര്‍ ജോണും വാങ്ങി.
'ഈ മാമി ടീച്ചറൊണ്ടല്ലോ ചേച്ചി..ഒരു പെണ്‍പുലിയാ! ഏഡ്മിസ്ട്രസായാ പെന്‍ഷനായെ..ഞാന്‍ മാമി ടീച്ചറേന്നാ വിളിക്കുന്നെ..പുള്ളിക്കാരത്തി ഒണ്ടാക്കുന്ന തീയലിന്റെം മീങ്കറിടേം ടേസ്റ്റ് ഒണ്ടല്ലോ...എന്നാ സംഭവാന്നോ.. ഇപ്പോ പ്രായം കൊറേയായി. എന്നാലും നല്ല സ്മാര്‍ട്ടാ എല്ലാ കാര്യത്തിനും. വൈകിട്ട് ഏഴു മണി മുതല് വീട്ടുമുറ്റത്ത് നാടകഗാനം കേട്ട് ഒരു മണിക്കൂറ് നടക്കും. പുള്ളിക്കാരത്തി കെഎസ് ജോര്‍ജ്ജിന്റെ ഫാനാ. ഞായറാഴ്ച പള്ളിപ്പോകും. വീട്ടിലാ നാട്ടിലെ കുടുംബശ്രീ പെണ്ണുങ്ങടെ മീറ്റിങ്ങും കാര്യങ്ങളുവൊക്കെ. ആള് സ്ട്രിക്ടാണേലും നല്ല സോഷ്യലാ. നാട്ടുകാര്‍ക്കൊക്കെ വെല്യ കാര്യവാ..,' ജോണ്‍ കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തി.
'പിന്നയീ മാമി ടീച്ചറെ കണ്ടാല് പഴയ ഗസല്‍ സിങ്ങര്‍ ബീഗം അഖ് തറുടെ പോലാ...ചേച്ചി ബീഗം അഖ്തറുടെ പാട്ട് കേട്ടിട്ടുണ്ടോ? നമ്മടെ പിടിവിട്ടു പോകും. അവരടെ പാട്ട് ഉണ്ടല്ലോ!!! ഹൊ എന്നാ ഒരു ഫീലാന്നോ..Wojo hum mein tum....,' ജോണ്‍ ബീഗം അഖ്തറെ മൂളിത്തുടങ്ങി. എനിക്ക് കൃത്യമായി തിരിഞ്ഞില്ല. പക്ഷെ പാടുന്ന ജോണിന്റെ കണ്ണില്‍ നിന്നുമൊരു നനഞ്ഞ സൂര്യനെ ഞാന്‍ മുങ്ങിയെടുത്തു. നാല്‍പ്പതിലേറെ വര്‍ഷം ജീവിച്ചിട്ടും ബീഗം അഖ്തറുടെ പാട്ടുകള്‍ ഇതുവരെ കേള്‍ക്കാത്തതില്‍ എനിക്ക് ഖേദം തോന്നി. നമ്മള്‍ കേള്‍ക്കാതെ പോകുന്ന പാട്ടുകള്‍, കാണാതെ പോകുന്ന പൂക്കള്‍, വായിക്കാതെ പോകുന്ന പുസ്തകങ്ങള്‍, അറിയാതെ പോകുന്ന നെഞ്ചിന്‍ മിടിപ്പുകള്‍... എന്റെ മനസ് എന്തിനോ വേദനിച്ച് അതിന്റെ തല താഴ്ത്തി.
നാട്ടിലെത്തിയിട്ടും എന്തിനോ ഇടയ്‌ക്കൊക്കെ ജോണിനെ ഓര്‍ത്തു. സൂര്യനെ മൂടി വെച്ച കണ്ണുകള്‍. എങ്കിലും ജോണ്‍ തന്ന നമ്പരില്‍ വിളിക്കാന്‍ തോന്നിയത് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ്. കാരണം, പഴയ ഹിന്ദുസ്ഥാനി ഗായകരെക്കുറിച്ച് ഒരു വായനയില്‍ ബീഗം അഖ്തര്‍ വന്നു. അവരുടെ പാട്ടുകള്‍ ചിലത് തേടിപ്പിടിച്ച് കേട്ടു. കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കാന്‍ തോന്നി. തീവ്രമായ സങ്കടം സ്ഫുരിക്കുന്ന ആഴമുള്ള, തുറന്ന ശബ്ദം. രാജ്യവും പ്രണയവും നഷ്ടപ്പെട്ട രാജകുമാരി പാടുകയാണ്.
'Aai mohabet tere anzam pe Rona Aaya
Jane kyu aaj tere naam .... Rona Aaya,'
'പ്രണയമേ, നീ തന്നത് കണ്ണീരാണ്
നിന്നെ ഓര്‍ത്ത് ഇന്ന് ഞാന്‍ കരയുന്നു,'
എനിക്ക് ജോണിനോട് സംസാരിക്കാന്‍ തോന്നി. ജോണ്‍ തന്ന നമ്പരില്‍ വിളിക്കണം. നോക്കിയപ്പോള്‍ നാട്ടിലെ നമ്പരാണ്. ജോണ്‍ തിരിച്ചുപോയിക്കാണുമല്ലോ? വീട്ടുകാരോട് ജോണിന്റെ വിദേശത്തെ നമ്പര്‍ വാങ്ങി, ബീഗം അഖ്തറെപ്പറ്റി സംസാരിക്കണം. ഒരു പാട് എന്തൊക്കെയോ പറയണം.
ഫോണ്‍ എടുത്തത്, ഒരു സ്ത്രീയാണ്. ജോണ്‍ ഉണ്ടോ എന്ന ചോദ്യം അവരെ കുഴക്കിയ പോലെ തോന്നി. 'ജോണിന്റെ വീടല്ലേ,' എന്ന് അന്വേഷിച്ചപ്പോള്‍ ഒന്ന് സന്ദേഹിച്ച് 'അതെ... ആരാണ്' എന്ന് തിരിച്ചു മറുപടി വന്നു. 'ജോണിന്റെ സുഹൃത്താണ്, ഒന്നു കിട്ടുമോ,'എന്ന് വീണ്ടും ആരാഞ്ഞപ്പോള്‍ 'ജോണ്‍ ഇവിടെയില്ല'എന്നതായിരുന്നു ഉത്തരം. ഇരുഭാഗവും പതറിപ്പതറിയുള്ള ആ ആശയ വിനിമയം കുറച്ചു നേരം നീണ്ടു. ഞാനെന്നെ പരിചയപ്പെടുത്തി. ജോണുമായി പരിചയപ്പെട്ട സാഹചര്യങ്ങള്‍, വിളിക്കാനിടയായ കാരണം എന്നിവ അവരെ ബോധ്യപ്പെടുത്തി. ആ സ്ത്രീ മറുപടിയൊന്നും പറയാതെ ഫോണ്‍ വെച്ചു പോയി. എനിക്ക് വല്ലാത്തൊരു അപമാനം തോന്നി. ജോണിനെ അന്വേഷിച്ചത് അവര്‍ക്കിഷ്ടമായില്ലേ?
കുറച്ച് കഴിഞ്ഞ് അവര്‍ തിരിച്ചുവിളിച്ചു. അത് ജോണിന്റെ ചേച്ചി ജസീക്കയായിരുന്നു. ജസീന്ത എന്നാണ് ഞാന്‍ കരുതിയത്. ജോണ്‍ പറഞ്ഞപ്പോള്‍ എനിക്ക് തിരിഞ്ഞത് അങ്ങനെയാവാം. ജസീക്ക ചേച്ചി പറഞ്ഞ കാര്യങ്ങള്‍ സത്യത്തില്‍ എന്നെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കി, സംഭ്രമപ്പെടുത്തി. ആ കാര്യങ്ങള്‍ ഇവയൊക്കെയാണ്.
ജോണ്‍ തന്ന ഫോണ്‍നമ്പര്‍, മാമി ടീച്ചറുടെയാണ്. എന്നു വെച്ചാല്‍ ജോണിന്റെയും ജസീക്ക ചേച്ചിയുടേയും മമ്മി. പതിനഞ്ച് വര്‍ഷത്തിലേറെയായി വീട്ടില്‍ നിന്നും കാണാതായ ഒരാളാണ് ജോണ്‍. ആ ജോണിന് ജിയോസിമ്മുള്ള മമ്മിയുടെ നമ്പര്‍ എങ്ങനെ കിട്ടി?
ജോണിന് വീട്ടില്‍ നിന്നും പോകേണ്ട കാര്യമേയുണ്ടായിരുന്നില്ല. ഐടിഐ തോറ്റ ശേഷം ഒരു വര്‍ഷം വീട്ടിലിരുന്നിട്ടുണ്ട്. പിന്നീട് കംപ്യൂട്ടര്‍ പഠിച്ചു. അധികമാരോടും സംസാരിക്കുന്ന പ്രകൃതമല്ല. അസലായി പാടും. ക്രിക്കറ്റ് കളിക്കും തബല വായിക്കും. കൃഷിയില്‍ താത്പര്യമുണ്ട്. എല്ലാവരോടും സൗമ്യതയോടെ ഇടപെടും. എല്ലാത്തിനോടും സ്‌നേഹമാണ്.
ജോണിന് പത്തനംതിട്ട ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ജോലിയും തരപ്പെട്ടു. വീട്ടില്‍ ഇഷ്ടം പോലെ ആസ്തിയുണ്ട്. പെണ്ണുകെട്ടിക്കാന്‍ മാമി ടീച്ചര്‍ തിരക്കുകൂട്ടി. ജോണിന് ആരേയും വിവാഹം കഴിക്കാന്‍ താത്പര്യമില്ലായിരുന്നു. അങ്ങനൊരു ദിവസമാണ് കാണാതാവുന്നത്. പൊലീസില്‍ പരാതി കൊടുത്തു. പല തരത്തില്‍ മുടങ്ങാതെ അന്വേഷിച്ചു. ജോണ്‍ എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. മാമി ടീച്ചര്‍ക്ക് നല്ല മനക്കരുത്താണ്, എന്നെങ്കിലും തിരികെ മകന്‍ വരുമെന്നവര്‍ വിശ്വസിക്കുന്നു. പക്ഷേ പ്രായാധിക്യ പ്രശ്‌നങ്ങള്‍, ഹൃദയത്തിന് തകരാറ് ഒക്കെയുണ്ട്. ഞാന്‍ ജോണിനെ പറ്റിപറഞ്ഞ വിവരം അതുകൊണ്ടുതന്നെ ജസീക്ക ചേച്ചി മമ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല...!
ജെസിക്ക ചേച്ചി ചോദിച്ച പല ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം കൊടുക്കാനും പറ്റിയില്ല. സംഭവത്തിന് ശേഷം ഒരു വര്‍ഷമായി. ഇനി ജോണ്‍ എന്നയാള്‍ എന്റെ തോന്നലാണോ? അങ്ങനെയെങ്കില്‍, അയാള്‍ തന്ന ഫോണ്‍ നമ്പറില്‍ അയാളുടെ ചേച്ചി പ്രതികരിക്കില്ലല്ലോ? ഫ്‌ളൈറ്റില്‍ നിന്നിറങ്ങിയ ശേഷം ജോണിനെ ഞാന്‍ ശ്രദ്ധിച്ചില്ല. കുട്ടി മൂത്രമൊഴിച്ച ഉടുപ്പ് മാറ്റാന്‍ എയര്‍പോര്‍ട്ടിലെ വാഷ് റൂമിലേക്ക് ഓടുകയാണ് ചെയ്തത്. ജോണ്‍ എങ്ങോട്ട് പോയി എന്ന് ഞാന്‍ കണ്ടില്ല. വീട്ടില്‍ ചെല്ലാതെ അയാള്‍ എങ്ങോട്ടാവും പോയത്? എന്തിനാണ് വീട്ടിലെ നമ്പര്‍ കൃത്യമായി എനിക്ക് തന്നത്? പതിനഞ്ച് വര്‍ഷത്തിലേറെയായി നാട്ടിലില്ലാത്ത, വീടുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെങ്ങനെ മാമി ടീച്ചറുടെ ഏഴു മണി നടത്തം വരെ അറിഞ്ഞു? അതിനര്‍ത്ഥം വീടറിയാതെ ജോണ്‍ വീട്ടുകാരെ ഒളിച്ചുശ്രദ്ധിക്കുന്നു എന്നല്ലേ? എങ്കിലയാള്‍ എന്തിനാണ് അവരെ വിഷമിപ്പിക്കുന്നതും മാറി നില്‍ക്കുന്നതും? വീട്ടിലേക്ക് തിരിച്ചു ചെന്നു കൂടെ??
ഇനി, ജസീക്ക ചേച്ചി നുണ പറയുകയാണോ? ജോണും, ജസീക്ക ചേച്ചി എന്നു പരിചയപ്പെടുത്തിയ ആ സ്ത്രീയും ഒക്കെ നുണക്കഥ പറഞ്ഞ് എന്നെ കബളിപ്പിക്കയാണോ? ജോണിനെപ്പറ്റി ഒരു വിവരവും ഞാന്‍ കൃത്യമായി ചോദിച്ചതുമില്ല. ജോണിന്റെ ഷാര്‍ജ നമ്പര്‍ അറിയില്ല. ജോണതിന് അവസരം തന്നില്ല എന്നതാണ് ശരി. അന്ന് കുട്ടിയെ ചേര്‍ത്തു പിടിച്ച് ജോണ്‍, ഫോണില്‍ സെല്‍ഫി എടുത്തിരുന്നു. അത് ജോണിന്റെ ഫോണിലാണ്. എന്റെ പക്കലില്ല താനും. ഒരാള്‍ എന്നെ വിഡ്ഢിയാക്കിയിരിക്കുന്നു. എന്റെയാരുമല്ലാത്ത ഒരാള്‍...! എന്തൊരു ദുരന്തമാണിത്!
സത്യത്തില്‍ ഇനി ജോണിന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ? ബൈപോളാറോ, മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി പ്രോബ്‌ളമോ അങ്ങനെയെന്തെങ്കിലും? അത്തരമെന്തെങ്കിലുമോ മറ്റെന്തെങ്കിലും വിചിത്ര മാനസിക പ്രശ്‌നങ്ങളും ഉണ്ടായിട്ടാവുമോ, അയാള്‍ നാടുവിട്ടത്..? അത്തരക്കാര്‍ പലരും തങ്ങളില്‍ നിന്നു പോലും ഒളിച്ചോട്ടക്കാരാണ്. അവരുടെ ഇടപഴകലുകളില്‍ നിന്നും വളരെ അടുപ്പമുള്ളവര്‍ക്കു പോലും മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഡ്യുവല്‍ പേഴ്‌സണാലിറ്റിയാണവര്‍ക്ക്. ആരിലും നില്‍ക്കില്ല. ആരേയും വിശ്വസിക്കയുമില്ല. ഒരാളില്‍ പലര്‍. സ്വയം പൊരുതുന്ന ഹതഭാഗ്യര്‍. അന്ന് സൗഹാര്‍ദ്ദപൂര്‍വം സംസാരിച്ച ജോണ്‍ അത്തരമൊരു മാനസിക പ്രശ്‌നത്തിന് ഇരയെങ്കില്‍ ഇനിയെന്നെ കണ്ടാല്‍ അങ്ങനെയാവണമെന്നുമില്ല..പക്ഷേ!!! അവര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചു വരാതെയും വയ്യ.
ജോണ്‍ എന്നെങ്കിലും വീട്ടിലേക്ക് തിരിച്ചു വന്നേക്കുമെന്നും എനിക്കു തോന്നി. ഭൂമി ഉരുണ്ടതാണ്. അപ്രത്യക്ഷരായ മനുഷ്യരും വസ്തുക്കളും നമ്മള്‍ക്ക് മുന്നില്‍ ദൃശ്യവും അദൃശ്യവുമായി കറങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കും. ചിലപ്പോള്‍ തടഞ്ഞു നില്‍ക്കും. പക്ഷേ, ജോണ്‍ തിരോധനത്തിന് പിന്നില്‍ എന്തോ രഹസ്യമുണ്ട്. സത്യമായും വീട്ടുകാര്‍ക്ക് അറിവില്ലാത്തത്. എനിക്ക് എന്തു ചെയ്യണമെന്നറിയില്ല. ജസീക്ക ചേച്ചിയുടെ ഇടറിയ ശബ്ദം ഫോണിനപ്പുറം നിശ്ശബ്ദമായത് ഞാനറിഞ്ഞില്ല. അവര്‍ ഇനിയും വിളിച്ചേക്കും എന്നുറപ്പാണ്. അവരുടെ നിരാശയുടെ ഇരുട്ടിലേക്ക് അറിയാതെ ഞാനൊരു തിരി കൊളുത്തുകയാണ് ചെയ്തത്.
പക്ഷേ, ജോണ്‍ എന്ന ഒരാള്‍ സത്യത്തില്‍ ഞാന്‍ കണ്ടയാളാണോ? അയാളെക്കുറിച്ച് വ്യക്തിപരമായ എന്തു തെളിവാണ് എനിക്ക് നിരത്താനുള്ളത്? ആ ദിവസം ഫ്‌ളൈറ്റ് ഡീറ്റെയല്‍സ് തിരഞ്ഞാല്‍ അവര്‍ക്ക് എന്തെങ്കിലും വിവരം അധികൃതര്‍ മുഖേന കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ ഞാന്‍ കണ്ട ജോണ്‍ സത്യമായിരുന്നോ അതോ എന്റെ ഇന്ദ്രിയങ്ങളുടെ സൃഷ്ടിയോ?
എത്രയോ തിരക്കിട്ട ജീവിതത്തില്‍ നിന്നും ഉറപ്പില്ലാത്ത ഒരു കാര്യം, കണ്ടോ എന്നുറപ്പില്ലാത്ത ഒരു മനുഷ്യന്‍ ഞാന്‍ എങ്ങനെ കൃത്യമായി ഉറപ്പിക്കും? എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ജസീക്ക ചേച്ചിയെ വിളിച്ച, മാമി ടീച്ചറുടെ നമ്പര്‍ ഞാന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു. വാട്‌സാപ്പില്‍ മാമി ടീച്ചറുടെ ഡിപിയുണ്ട്. കൊളുത്തി വെച്ച മെഴുകുതിരികള്‍. ഞാനതും ഊതിക്കൊടുത്തി. മാമി ടീച്ചറുടെ നമ്പരാണ് അത്. ജെസീക്ക ചേച്ചി സ്വന്തം നമ്പരില്‍ നിന്നും വിളിച്ചേക്കാം. എന്തെങ്കിലുമാവട്ടെ. അപ്പോള്‍ നോക്കാം.
ജോണ്‍ സത്യത്തില്‍ എന്തിനാണ് എനിക്ക് നമ്പര്‍ തന്നത്? വീട്ടുകാര്‍ അറിയണം അയാള്‍ സുരക്ഷിതനായി ഉണ്ടെന്ന്. അതവരെ ബോധിപ്പിക്കാനാവണം. ഇതിന് മുന്നെ മറ്റാര്‍ക്കും അതയാള്‍ കൊടുത്തിട്ടുമുണ്ടാവില്ല. ഉണ്ടെങ്കില്‍ ജെസീക്ക ചേച്ചി പറഞ്ഞിരുന്നേനേ..
ഇതെഴുമ്പോഴും എനിക്കുറപ്പുണ്ട്, ഞാനെഴുതുന്ന ജോണിന്റെ കഥ, ജോണ്‍ വായിച്ചേക്കും. കാരണം ജോണിന് എന്നെ കാണാന്‍ പറ്റും. എന്റെ ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് ഐഡി, ജോലി, വീട് ഒക്കെ അയാള്‍ക്കറിയാം അല്ലെങ്കില്‍ അയാള്‍ തപ്പിയെടുക്കും. മറ്റൊരു പേരില്‍ എന്റെ സുഹൃത് വലയത്തിലും കണ്ടേക്കും. അയാള്‍ എന്നെയും അജ്ഞാതനായിരുന്ന് അദൃശ്യനായി, പിന്തുടരുമെന്ന് എനിക്കുറപ്പുണ്ട്. എന്തെന്നാല്‍ അയാള്‍ സൂര്യനെ മൂടി വെച്ച കണ്ണുകളുള്ളവനാണ്, ജോണ്‍ സര്‍വവ്യാപിയാണ്.
വാട്‌സാപ്പ് എബൗട്ടില്‍ എപ്പോഴെങ്കിലും എന്നെ തിരയുമ്പോള്‍ ജോണ്‍ കാണുവാന്‍ വേണ്ടി ചുള്ളിക്കാടിന്റെ കവിതയുടെ വരികള്‍ ഞാന്‍ വെറുതെ പകര്‍ത്തിവെച്ചു.
'എവിടെ ജോണ്‍...
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍
എവിടെ ജോണ്‍....?'