നിരത്തിലെ ചലിക്കുന്ന കൊട്ടാരം; ടാറ്റ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയില്‍
ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയില്‍
ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യന്‍ വിപണിയിലെത്തി. മൂന്ന് വേരിയന്റുകളില്‍ വിപണിയിലെത്തിയ ഈ വാഹനത്തിന് ഏകദേശം 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില. അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനും ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറുമാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. മാത്രമല്ല ലേസര്‍ ടെക്‌നോളജിയിലുള്ള ഹെഡ്‌ലൈറ്റുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
നീളമേറിയ പനോരമിക് സണ്‍റൂഫ്, പത്ത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നു. അതോടൊപ്പം ബാക്കിയുള്ള ഭാഗങ്ങളെല്ലാം ലെതര്‍ മെറ്റീരിയലിലാണ് ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ വകഭേദങ്ങളിലുമാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണിലാണ് എത്തുന്നത്. ആദ്യത്തേത്147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് 240 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാകട്ടെ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക.
അതേസമയം, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകട്ടെ 236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. രണ്ട് വേരിയന്റുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കമ്പനി നല്‍കിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ റേഞ്ച് റോവര്‍ വേളാറിന്റെ പ്രത്യേകതയാണ്.