രാജ്യത്താകമാനം പുതിയ ആശങ്ക ബാധിച്ചുതുടങ്ങിയിരിക്കുന്നു. നോട്ട് നിരോധനകാലത്തേതിന് സമാനമായ സാഹചര്യം തിരിച്ചുവരികയാണോ? എ ടി എമ്മുകളില്‍ പണമില്ലാത്തതാണ് ജനങ്ങളുടെ നെട്ടോട്ടത്തിനും ആശങ്കയ്ക്കും കാരണമാകുന്നത്.
രാജ്യമാകെ ഇപ്പോള്‍ കടുത്ത നോട്ടുക്ഷാമം നേരിടുന്നുണ്ട്. തുടര്‍ച്ചയായുള്ള ഉത്സവ സീസണുകള്‍ക്കായി ജനങ്ങള്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതാണ് നോട്ടുക്ഷാമത്തിന് കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും അതുമാത്രമല്ല ഈ പ്രശ്നത്തിന് പിന്നിലെന്ന വിലയിരുത്തലും വരുന്നുണ്ട്.
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നോട്ടുക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ നോട്ടുനിരോധനകാലത്തെ സാഹചര്യം ഓര്‍മ്മയിലുള്ള ജനങ്ങളില്‍ ആശങ്ക അകലുന്നില്ല.
ആന്ധ്രയിലും തെലങ്കാനയിലും മാത്രമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നോട്ടുക്ഷാമം ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് അത് രാജ്യത്തിന്‍റെ എല്ലാഭാഗത്തേക്കും ബാധിച്ചത്. എ ടി എം കൌണ്ടറുകള്‍ അടച്ചിട്ടതും പണമില്ലെന്ന് ബോര്‍ഡുകള്‍ വച്ചതും ആശങ്ക വര്‍ദ്ധിപ്പിക്കാനിടയായി.
അസാധാരണമായ വിധത്തില്‍ നോട്ടുകള്‍ക്ക് ആവശ്യമേറിയത് ക്ഷാമത്തിനിടയാക്കി എന്നാണ് ധനമന്ത്രിയുടെ വിശദീകരണം. 1.25 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.
എഫ് ആര്‍ ഡി ഐ ബില്‍ നിയമമായാല്‍ എന്തുസംഭവിക്കും എന്ന ഉത്കണ്ഠയാണ് നോട്ട് ക്ഷാമത്തിന്‍റെ ഒരു കാരണമായി പറയപ്പെടുന്നത്. ഈ ബില്‍ നിയമമായാല്‍ ബാങ്കുകളിലെ പണം സുരക്ഷിതമായിരിക്കില്ല എന്നൊരു കിംവദന്തി പരന്നിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയില്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചത് ക്ഷാമത്തിന് ഇടയാക്കി.
മാത്രമല്ല, മാസങ്ങള്‍ക്ക് മുമ്പുതന്നെ 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയതും ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. നീരവ് മോദിയെപ്പോലെയുള്ളവര്‍ ബാങ്കുകളില്‍ നിന്ന് വലിയ തട്ടിപ്പ് നടത്തി മുങ്ങിയത് ബാങ്കുകളിലുള്ള വിശ്വാസ്യതയെയും തകര്‍ത്തു. അതും വലിയ തോതില്‍ പണം പിന്‍വലിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
വിഷു, തമിഴ് പുത്താണ്ട്, അക്ഷയ തൃതീയ തുടങ്ങിയ വിശേഷദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതും ധാരാളമായി പണം പിന്‍വലിക്കുന്നതിന് കാരണമായി. നോട്ടുക്ഷാമം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ ഭീതി അകറ്റിയിട്ടില്ല.