ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്നുള്ളത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ആധുനിക ചികിത്സാസംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്നുള്ളത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
എറണാകുളം മരട് സ്വദേശിയായ ജോണ്‍ മില്‍ട്ടണ്‍ തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചെയ്തിരുന്നു. ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടക്കുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയ്ക്ക് ചിലവായ തുകയ്ക്ക് വേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ അത് ഒ പി ചികിത്സയായി കണ്ട് ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.