ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ് ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടർ മികച്ച വിൽപ്പന കൈവരിക്കുകയാണ്. ഇതേവരെ 21000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഇത് നിർമ്മിച്ചു നൽകാൻ മാസങ്ങൾ എടുക്കും എന്നതിനാൽ ഹെക്ടറിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവക്കുന്നതായി എം ജി അറിയിച്ചു.
വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിൽ അധികം ബുക്കിംഗ് എംജി ഹെക്ടർ സ്വന്തമാക്കിയിരുന്നു. ബുക്കിംഗുകൾക്ക് അനുസരിച്ച് വാഹനം നൽകുന്നതിനായി ഈ വർഷം ഒക്ടബറോടെ ഹെക്ടറിന്റെ ഉത്പാദനം പ്രതിമാസം 3000 ആയി ഉയർത്തും എന്ന് എംജി വ്യക്തമാക്കിയിട്ടുണ്ട്.
12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ വില. ഇതുതന്നെയാണ് വിൽപ്പന വർധിക്കാൻ കാരണവും. കുറഞ്ഞ വിലയിൽ ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനങ്ങൾ നൽകാത്ത മികച്ച സംവിധാനങ്ങൾ ഒരുക്കിയതാണ് വിപണിയിൽ ഹെക്ടറിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനാണ് എംജിയുടെ തീരുമാനം.