റോഡിലൂടെ ഓടുന്ന കാറുകൾക്ക് പകരം ആകാശത്തിലൂടെ പറക്കാൻ സാധിക്കുന്ന കാറുകൾ ഒരുക്കുകയാണ് ഇപ്പോൾ കമ്പനികൾ. നിരവധി കമ്പനികൾ ഇത്തരത്തിലുള്ള എയർ കാറുകൾ നിർമ്മിക്കുന്നുണ്ട്. ദുബായ് പൊലീസ് പറക്കും കാറുകൾ സേനയുടെ ഭാഗമാക്കിയത് നേരത്തെ വാലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പറക്കും കാറുകളെ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഒരു ഡച്ച് കമ്പനി.
പിഎഎല്‍വി ലിബര്‍ട്ടി എന്ന കമ്പനിയാണ് ഗുജറാത്തിൽ നിർമ്മാണശാല ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് വിദേശ രജ്യങ്ങളിലേക്ക് ഉൾപ്പടെ ചെറു പറക്കും കാറുകൾ വിൽപ്പനക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യംവക്കുന്നത്. പിഎഎല്‍വിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ് ഡവലപ്മെന്റ്വൈസ്പ്രസിഡന്റ്കാര്ലോ മാസ്ബൊമ്മലും ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം കെ ദാസും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
റോഡിലൂടെ ഓടിക്കാനും ആകാശ യാത്ര നടത്താനുമാകുന്ന തരത്തിലുള്ള വാഹനമാണ് കമ്പനി ഇന്ത്യയിൽ നിർമ്മിക്കുക. രണ്ട് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ചെറു വാഹനമായിരിക്കും ഇത്. രണ്ട് എഞ്ചിനുകളിലായിരിക്കും ഈ വാഹനം പ്രവർത്തിക്കുക. റോഡിൽ 160 കിലോമീറ്റർ വേഗതയിലും ആകാശത്ത് 180 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും.
മൂന്ന് മിനിറ്റിനുള്ളിൽ പറന്നുയരാൻ ഈ വാഹനത്തിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫുൾടാങ്ക് ഇന്ധനത്തിൽ 500 കിലോമീറ്റർ വാഹനത്തിന് താണ്ടാനാവും എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 110 പറക്കും കാറുകൾക്കായി ഇതിനോടകം തന്നെ ഓർഡർ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയിൽനിന്നുമല്ല.