വലിയ വാഹനങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല?
കേന്ദ്ര സർക്കാർ നിയമനിർമ്മാണമാരഭിച്ചു
ഇരുപതു വർഷത്തിലധികം പഴക്കമുള്ള വാണിജ്യ ചരക്കു വാഹനങ്ങൾ നിരത്തുകളിൽ നിന്നും ഓഴിവാക്കാൻ നിയമ നിർമ്മാണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയർന്നു എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2020 മുതൽ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത തല സമിതി നിർദേശം നൽകിയിരിക്കുന്നത്.
നിലവിൽ ഇരുപത് വർഷത്തിലധികം പഴക്കമുള്ള ഏഴ് ലക്ഷത്തിൽപരം ട്രക്കുകളും ബസുകളും ഇന്ത്യൻ നിരത്തുകളിൽ ഓടുന്നുണ്ട്. ഇവയെ പൂർണ്ണമായും 2020തോടെ നിരത്തുകളിൽ നിന്നും ഒഴിവാക്കാനാണ് കേന്ദ്ര സർക്കർ ആലോചിക്കുന്നത്. ഉന്നത തല സമിതിയുടെ നിർദ്ദേശമനുസരിച്ച് 2000 ഡിസംബർ 31നു മുൻപ് നിരത്തിലിറക്കിയ വാഹനങ്ങളാവും ഒഴിവാക്കേണ്ടിവരിക. ഇത്തരം വാഹനങ്ങളാണ് ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഏറിയ പങ്കിനും കാരണം എന്നാണ് പഠനങ്ങളിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
പഴയ വാഹനങ്ങൾ ഒഴിവാക്കുമ്പോൾ പുതിയവ വാങ്ങുന്നതിനായി സർക്കാർ സബ്സിഡി നൽകും. വാഹന നിർമ്മാണ കമ്പനികളും പദ്ധതിയോട് സഹകരിക്കും. ഇതു സംബന്ധിച്ച് ഉന്നത തല സമിതി നൽകിയ നിർദേശങ്ങളിൽ മൂന്നു മാസത്തിനകം സർക്കാർ തീരുമാനമെടുക്കും. നേരത്തേ ഇതേ നിയമം വേഗത്തിൽ നടപ്പിലാക്കൻ കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കേരള സർക്കാർ ഉൾപ്പെടെ നിയമം നടപ്പാക്കുന്നതിനു സാവകാശം തേടുകയായിരുന്നു. നിയമം നടപ്പാകുന്നതോടെ കെ എസ് ആർ ടി സി യിലെ നിരവധി വാഹനങ്ങൾ ഒഴിവാക്കേണ്ടി വരും.