രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പാരീസ് ഒളിമ്പിക്‌സ് 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനല്‍ പ്രവേശനം നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഗുസ്തി താരമായ വിനേഷ് ഫോഗാട്ട്. സെമിഫൈനലില്‍ വിജയിച്ചതോടെ മെഡല്‍ നേട്ടം ഉറപ്പിച്ചു എന്ന് മാത്രമല്ല ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടവും വിനേഷ് ഫോഗാട്ട് സ്വന്തമാക്കിയിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഫൈനലില്‍ എത്തിയ വിനേഷില്‍ നിന്നും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.
ഓഗസ്റ്റ് 7 ബുധനാഴ്ച രാത്രി 11:23നാണ് 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനല്‍ മത്സരം നടക്കുക. അമേരിക്കയുടെ ഗുസ്തിതാരം സാറാ ഹില്‍ഡെബ്രാന്‍ഡ് ആണ് ഫൈനലില്‍ വിനേഷിന്റെ എതിരാളി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് സാറ. ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി ചൈനയുടെ സുന്‍ യനാന്‍ എന്നിവര്‍ക്കായിരുന്നു ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണ, വെള്ളി മെഡലുകള്‍. നിലവിലെ ഫോമില്‍ 30കാരിയായ താരം വിനേഷിന് കടുത്ത ഭീഷണി സൃഷ്ടിക്കില്ലെന്നാണ് കണക്കാക്കുന്നത്.
ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് 18ലും ലൈവ് സ്ട്രീമിംഗായി ജിയോ സിനിമയിലും ഫൈനല്‍ മത്സരം കാണാനാവുന്നതാണ്.