ഇന്ത്യൻ ഗുസ്തിതാരവും രണ്ടുവട്ടം ഒളിമ്പിക്സ് മെഡൽ ജേതാവുമായ സുശീൽ കുമാറിന് ഒളിമ്പിക്സ് യോഗ്യതാ മത്സരം നഷ്ടമായേക്കും. നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരത്തിന് ഈ ആഴ്ച്ച നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സ് ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ല. അടുത്ത മാസം നടക്കുന്ന ഏഷ്യാ ചാമ്പ്യൻഷിപ്പിലേക്ക് താരങ്ങളെ കണ്ടെത്തുന്നത് ട്രയൽസിലൂടെയാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലൂടെ ഒളിമ്പിക്സ് യോഗ്യത നേടാമെന്ന സുശീലിന്റെ ആഗ്രഹം ഇതോടെ നടപ്പായേക്കില്ല.
ഒളിമ്പിക്സ് ചാമ്പ്യനായ സുശീലിന് അടുത്തകാലത്തൊന്നും മികച്ച പ്രകടനങ്ങൾ പുറ്ത്തടുക്കാൻ സാധിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും താരം നേരത്തെ പുറത്തായിരുന്നു. ലോക ചാമ്പ്യൻഷിപ്പിന് ശേഷം താരം മറ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുമില്ല. 74 കിലോഗ്രാം വിഭാഗത്തിൽ ഗൗരവ് ബലിയാണ് നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ഗുസ്തി താരം.
പുരുഷ ഗുസ്തി വിഭാഗത്തിൽ നാല് ഇൻത്യൻ താരങ്ങളാണ് ഇതുവരെ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയത്. വനിതാ വിഭാഗത്തിൽ വിനേഷ് ഫോഗോട്ടും യോഗ്യത നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളിലൂടെ കൂടുതൽ താരങ്ങൾ ഒളിമ്പിക്സിലേക്ക് യോഗ്യത നെടുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.