ഫുട്ബോളിലെ വംശീയാധിക്ഷേപങ്ങൾ തുടർക്കഥയാകുന്ന കാഴ്ച്ചയാണ് അടുത്തിടയായി കാണുന്നത്. ലോകത്തിന്റെ മുഴുവൻ ഫുട്ബോൾ ആരാധകരുടെയും ശ്രദ്ധ ആകർഷിക്കുന്ന മാഞ്ചെസ്റ്റർ ഡെർബിയാണ് അവസാനമായി ഇപ്പോൾ വംശീയാധിക്ഷേപത്തിന് വേദിയായിരിക്കുന്നത്. മാഞ്ചെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെയായിരുന്നു സിറ്റി ആരാധകരുടെ ഭാഗത്ത് നിന്നും വംശീയാധിക്ഷേപമുണ്ടായത്.
യുണൈറ്റഡ് താരങ്ങളായ ഫ്രെഡ്,ലിംഗാർഡ് എന്നിവർക്കെതിരെയാണ് അധിക്ഷേപമുണ്ടായത്. മത്സരത്തിൽ ഒരു കോർണർ എടുക്കുന്നതിനിടെ ഫ്രെഡിന് നേരെ സിറ്റി ആരാധകർ ബോട്ടിലുകൾ വലിച്ചെറിയുകയായിരുന്നു. ആക്ഷേപത്തിനെതിരെ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾഷ്യർ ശക്തമായി പ്രതികരിച്ചു.
വംശീയാധിക്ഷേപങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇത്തരം ആരാധർ ഫുട്ബോൾ സ്റ്റേഡിയത്തിലില്ലാ എന്ന് ഉറപ്പ് വരുത്തണമെന്നും സോൾഷ്യർ പറഞ്ഞു. വിഷയത്തിൽ മാഞ്ചെസ്റ്റെർ പോലീസുമായി സഹകരിച്ച് വംശീയാധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു.