Indain Hockey, Paris Olympics
ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി സെമിഫൈനല്‍ ലൈനപ്പായി. 10 പേരായി ചുരുങ്ങിയിട്ട് മത്സരത്തിന്റെ ഏറിയഭാഗം കളിച്ചിട്ടും ബ്രിട്ടനെ തോല്‍പ്പിച്ച് സെമിഫൈനല്‍ യോഗ്യത നേടാന്‍ ഇന്ത്യന്‍ സംഘത്തിനായിരുന്നു. കരുത്തരായ ജര്‍മനിയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്‌സിന് സ്‌പെയിനാണ് എതിരാളികള്‍.
ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടിയതോടെ ഇന്ത്യ- ബ്രിട്ടണ്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ഒളിമ്പിക്‌സ് ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിഫൈനലിലെത്തുന്നത്.
ഇന്ത്യന്‍ സമയം നാളെ രാത്രി 10.30 നാണ് ഇന്ത്യ- ജര്‍മനി പോരാട്ടം. ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്‌സ് സ്‌പെയിനിനെ നേരിടും. നാളെ നടക്കുന്ന സെമിയില്‍ ഇന്ത്യ തോറ്റാല്‍ വെങ്കല മെഡലിനാകും ഇന്ത്യ പിന്നീട് മത്സരിക്കേണ്ടി വരിക.
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കളാണ് ഇന്ത്യ. അന്ന് ജര്‍മനിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ സംഘം വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് ഹോക്കിയില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ നേട്ടമായിരുന്നു ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടം.