പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും വെളിപ്പെടുത്തിയ വനിതാ അത്‌ലിറ്റ് താരം ദ്യുതി ചന്ദിനെതിരെ കുടുംബാംഗങ്ങള്‍ രംഗത്ത്.
വീട്ടില്‍ കയറ്റില്ലെന്നു മൂത്ത സഹോദരി ഭീഷണിപ്പെടുത്തിയതായി ദ്യുതി ചന്ദ് വെളിപ്പെടുത്തി. പെൺസുഹൃത്തിനൊപ്പമുള്ള ജീവിതത്തെ മാതാപിതാക്കള്‍ എതിര്‍ത്തിട്ടില്ല. എന്നാല്‍ സഹോദരി അങ്ങനെയല്ല. ഇഷ്‌ടപ്പെടാത്തതിന്റെ പേരില്‍ തന്റെ സഹോദരന്റെ ഭാര്യയെ അവര്‍ വീട്ടില്‍ നിന്നും പുറത്തിക്കി. അതുപോലെയാകും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്റെ സ്‌ഥിതിയെന്നു ദ്യുതി പറഞ്ഞു.
തന്റെ പങ്കാളിക്ക് എപ്പോള്‍ വേണമെങ്കിലും ബന്ധം അവസാനിപ്പിക്കാം. വിവാഹം കഴിച്ചു സാധാരണ ജീവിതം നയിക്കാനും താന്‍ എതിരു നില്‍ക്കില്ലെന്നു 100 മീറ്റിൽ ദേശീയ റെക്കോർഡിന് ഉടമയായ ദ്യുതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ദ്യുതി വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ് അവള്‍. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുകയാണ് സുഹൃത്തിപ്പോള്‍ എന്നുമാണ് ദ്യുതി പറഞ്ഞത്.
തന്റെ ആരാധികയായിരുന്ന അവര്‍ ദിവസവും വീട്ടില്‍ വരുമായിരുന്നു. ഈ ചങ്ങാത്തമാണു പ്രണയത്തിലെത്തിച്ചത്. ലിംഗ വിവാദത്തെത്തുടര്‍ന്നു താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസിലാക്കിയതോടെ അവള്‍ കൂടുതല്‍ അടുത്തു.
ആരാധനയും പ്രണയവും മൂത്ത് കായിക താരമാകണമെന്നു പോലും അവള്‍ക്കു തോന്നിയിരുന്നതായി ദ്യുതി പറഞ്ഞു.