കൊവിഡ് 19 ഭീതിയെ തുടർന്ന് ഈ വർഷം നടക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങൾ മാറ്റിവെച്ചു.ഈ വർഷം ജൂലൈ 24നായിരുന്നു ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. ഇത് അടുത്ത വർഷത്തിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. ജപ്പാന്റെ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറൊണയുടെ പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ മാറ്റിവെക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഒളിമ്പിക്‌സ് നടപടികളുമായി ഒളിമ്പിക്‌സ് സമിതിയും ജപ്പാനും മുന്നോട്ട് പോകുകയാണെങ്കിൽ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണും ഓസ്ട്രേലിയയും കാനഡയും നേരത്തെ വ്യക്തമാക്കിയിരുന്നു.അമേരിക്കന്‍ അത്ലറ്റിക്‌സ് ഇതിഹാസം കാള്‍ ലൂയിസും സമാനമായ ആവശ്യമാണ് ഒളിമ്പിക്‌സ് സമിതിക്ക് മുൻപിൽ വെച്ചത്.2022ലെ ശൈത്യകാല ഒളിംപിക്‌സിന് ശേഷം ഗെയിംസ് നടത്താവുന്നതാണെന്നാണ് ലൂയിസ് പറഞ്ഞത്. അനിശ്ചിതത്വം താരങ്ങൾക്ക് സമ്മർദ്ദം ഉണ്ടാക്കുമെങ്കിലും ആരോഗ്യകാരണങ്ങളാൽ ഗെയിംസ് മാറ്റുന്നത് എല്ലാവരും അംഗീകരിക്കുമെന്നും കാൾ ലൂയിസ് പറഞ്ഞു