ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ഫൈനലില്‍ - എതിരാളി കരോലിന മാരിന്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ഫൈനലില്‍ - എതിരാളി കരോലിന മാരിന്‍
പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ. സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്. സ്കോർ 21-16, 24-22. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍ പോരാട്ടം.
55 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് ജപ്പാന്‍ താരത്തെ സിന്ധു തകര്‍ത്തത്. ക്വാർട്ടിൽ ജപ്പാന്റെ തന്നെ നെസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 13-19ന് പിന്നിട്ട് നിന്ന സിന്ധു തുടർച്ചയായി ഏഴ് പോയിന്റ് നേടിയാണ് 20-19 എന്ന ലീഡ് നേടിയത്. ഒടുവിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 24-22ന് സെറ്റ് നേടുകയായിരുന്നു.
ഫൈനലില്‍ സ്‌പാനിഷ് താരം കരോലിന മാരിൻ ആണ് സിന്ധുവിന്റെ എതിരാളി. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ വീഴ്ത്തി സെമിയിലെത്തിയ മാരിൻ, ചൈനയുടെ ഹി ബിങ്ജിയാവോയെ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്.
റിയോ ഒളിമ്പിക്സിൽ സിന്ധുവിനെ കരോലിന പരാജയപ്പെടുത്തിയിരുന്നു. ഇതിന് മധുരപ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ താരത്തിനു മുന്നിലുള്ളത്.