സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമെന്ന പ്രത്യേകതയും ഉണ്ട്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രേ.
അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണപ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസാമായാണ് ആചരിക്കുന്നത്.
നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ. വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിയ്ക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ.
അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. അക്ഷയ തൃതീയ ദിനത്തില്‍ ഒരു ഗ്രാം പൊന്നെങ്കിലും എല്ലാവരെയും കൊണ്ട് വാങ്ങിപ്പിക്കാനുള്ള ശ്രമത്തിലാണ് ജ്വല്ലറികള്‍.
വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണര്‍ത്തിനു പറ്റിയ ദിനമാണ്. ഗംഗാസ്നാനം, യവനഹോമം, യവഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു.
അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
അക്ഷയതൃതീയ ദിനം പരശുരാമന്‍റെ ജനനദിനമാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. ക്ഷയിക്കാത്ത തീഥിയെന്നു കരുതുന്ന ഈ ദിനം കൃതായുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്ക് കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണത്രേ അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്.