2018ല്‍ കേരളത്തില്‍ സംഭവിച്ച സുപ്രധാന സംഭവികാസങ്ങളും വിവാദങ്ങളും
2018ല്‍ കേരളത്തില്‍ സംഭവിച്ച സുപ്രധാന സംഭവികാസങ്ങളും വിവാദങ്ങളും
കേരളം ഇതുവരെ കാണാത്ത സംഭവ വികാസങ്ങളാണ് പോയവര്‍ഷം കണ്ടത്. രാഷ്‌ട്രീയത്തിനൊപ്പം സിനിമയിലും ആരോഗ്യ മേഖലയിലും വരെ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടായി. ലോകാരോഗ്യ സംഘനയെ പോലും അതിശയിപ്പിച്ച് നിപ്പ വൈറസിനെ നമ്മള്‍ അതിജീവിച്ചു. കുതിച്ചെത്തിയ പ്രളയത്തെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു.
സുപ്രീംകോടതിയുടെ ശബരിമല സ്‌ത്രീ പ്രവേശന ഉത്തരവ് കേരള സമൂഹം നേരിട്ട രീതിയും, അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും തര്‍ക്കങ്ങളും ഇന്നും കെടാതെ തുടരുകയാണ്. ശബരിമല വിഷയത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനുള്ള നീക്കം സമൂഹം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ കേരളത്തിന് അഭിമാനിക്കാവുന്ന വര്‍ഷമായി തീരുമായിരുന്നു 2018.
മധുവിന്റെ കൊലപാതകം:
കേരളീയ സമൂഹത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു അട്ടപ്പാടിയില ആദിവാസി യുവാവ് മധുവിന്റെ മരണം. ഭക്ഷണം മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ മധുവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.
നിപ്പ വൈറസ്:
കഴിഞ്ഞ മേയിലാണ് നിപ്പ വൈറസ് സംസ്ഥാനത്ത് കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് നിപ്പ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്. ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ വൈറസിന്റെ വ്യാപനം തടയുകയും രോഗികള്‍ക്ക് മതിയായ ചികിത്സകള്‍ നല്‍കുകയും ചെയ്‌തു.
കെവിന്‍ വധം:
ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്‌തതിന്റെ പേരില്‍ കോട്ടയം മന്നാനം സ്വദേശി കെവിന്‍ പി ജോസഫിനെ യുവതിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായിട്ടാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കണക്കാക്കിയത്. ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ പെട്ട നീനുവെന്ന പെണ്‍കുട്ടിയെ അതേ വിഭാഗത്തിലെ താഴ്‌ന്ന ജാതിക്കാരനായ കെവില്‍ വിവാഹം ചെയ്‌തതാണ് യുവതിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. മേയിലായിരുന്നു സംഭവം.
ശ്രീജിത്ത് നടത്തിയ നിരാഹാര സമരം
പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം നിരാഹാര സമരം ശ്രദ്ധേയമായിരുന്നു. തുടര്‍ച്ചയായ നിരാഹാര സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
അമ്മയ്ക്കെതിരായ ഡബ്ല്യുസിസി:-
താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസി രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടന സംരക്ഷിക്കുന്നുവെന്നും അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ ദിലീപിന് അനുകൂലമായ നീക്കങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് ഡബ്ല്യുസിസി പത്രസമ്മേളനം നടത്തിയത്. ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി നല്‍കിയ പരാതിയില്‍ അമ്മ തീരുമാനമൊന്നും കൈക്കൊള്ളാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
കേരളത്തിലെ വെള്ളപ്പൊക്കം:-
ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തെ ദുരുതത്തിലാഴ്‌ത്തിയ സംഭവമായിരുന്നു പ്രളയം. നീണ്ടു നിന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും തുറന്നു വിടുകയും ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം നിറയുകയും ചെയ്‌തു. ആയിരക്കണക്കിനാളുകള്‍ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്.
ശബരിമല സ്‌ത്രീപ്രവേശന വിധി:-
ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കേരളത്തില്‍ രാഷ്‌ട്രീയ ചനങ്ങളുണ്ടാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സെപ്‌തംബറില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം:-
കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഈ മാസമാണ് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചത്. 2330 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് 3050 മീറ്ററാണ് നീളം.