ഇവരായിരുന്നു 2017ൽ ഹൃദയം കീഴടക്കിയ കഥാപാത്രങ്ങൾ!
ആപ്സും മാത്തനും മാത്രമല്ല, ഇവരും മികച്ച് നിന്നിരുന്നു!
2017 അവസാനിക്കാറായി. ഒരുപാട് നല്ല സിനിമകളും മികച്ച കഥകളുമായി മലയാള സിനിമ മുന്നേറുകയാണ്. 100ലധികം സിനിമകൾ 2017ൽ റിലീസ് ചെയ്തെങ്കിലും മനസ്സിൽ തട്ടിയത് ചിലത് മാത്രമായിരുന്നു. സൂപ്പർസ്റ്റാറുകൾ മാസ് കഥാപാത്രങ്ങളെ തേടിപ്പോയപ്പോൾ ക്ലാസായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചില കഥാപാത്രങ്ങളുണ്ട്. ചിലത് റിയലിസ്റ്റിക്ക് കഥാപാത്രങ്ങളാണെങ്കില്‍ മറ്റ് ചിലത് വെറൈറ്റി കഥാപാത്രങ്ങളാണ്.
പാർവതി എന്ന നടിയുടെ കയ്യിൽ സമീറയെന്ന കഥാപാത്രം 100 ശതമാനം സേഫ് ആയിരുന്നു. സംവിധായകൻ ആഗ്രഹിച്ചതിനേക്കാൾ സമീറയെ മനോഹരമാക്കുന്നതിൽ പാരവ്തി വിജയിച്ചു. അതിജീവനത്തിന്റെ കഥയായിരുന്നു ടേക്ക് ഓഫ് പറഞ്ഞത്. ജീവിതം അവസാനിക്കാറാകുമ്പോഴും പ്രതീക്ഷ കൈവിടാത്ത സമീറ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അഭിനയിച്ചതിനാണ് ഐഎഫ്എഫ്‌ഐ വേദിയില്‍ പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്.
സൗബിന്‍ സാഹിര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. രണ്ട് കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തിൽ നോവായി മാറിയത് ഇമ്രാൻ ആയിരുന്നു. ഗസ്റ്റ് റോൾ ആയി എത്തിയ ഇമ്രാൻ പ്രേക്ഷകരെ കരയിച്ചപ്പോൾ അത് ദുൽഖർ സൽമാന്റെ മികച്ച കഥാപാത്രം ആയി മാറി. ഇംരാനെപ്പോലെ തന്നെ കഥയുടെ കേന്ദ്രബിന്ദുക്കളില്‍ ഒരാളായിരുന്നു ഷെയ്ൻ(ഷെയ്ൻ നിഗം). ഷെയ്ൻ കാണികളുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും ആഴത്തില്‍ സ്വീധിനിക്കുകയും ചെയ്തിരുന്നു. ഇച്ചാപ്പിയും ഹസീബും അവരുടെ പ്രാവുകളുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗോദ. മണ്‍ഗോദയിലെ ഗുസ്തി മത്സരങ്ങള്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്ന കഥയിലെ നായകന്‍ രണ്‍ജി പണിക്കര്‍ കഥാപാത്രമായ ക്യാപ്റ്റനാണ്. മികച്ചൊരു കഥാപാത്രമായിരുന്നു രൺജി പണിക്കരുടേത്.
അങ്കമാലി ഡയറീസിലെ അപ്പാനി രവിയും ലിച്ചിയും
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ പെട്ടന്നുത്തരം നൽകാൻ കഴിയില്ല. പക്ഷേ മനസ്സിൽ ഒന്നിരുത്തി ചിന്തിച്ചാൽ രണ്ട് പേര് വരും. അപ്പാനി രവിയും ലിച്ചിയും. അപ്പാനി രവിയെന്ന വില്ലൻ ക്ലാസ് മാത്രമായിരുന്നില്ല മാസും ആയിരുന്നു. അതോടൊപ്പം തന്നെയാണ് ലിച്ചിയും. ലിച്ചിയായി അന്ന എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു റിയലസ്റ്റിക് കാമുകിയേയും പെണ്ണിനേയും ആയിരുന്നു.
ഞണ്ടുകളുടെ നാട്ടിലെ ഷീലാ ചാക്കോ
വർഷങ്ങൾക്ക് ശേഷം ശാന്തികൃഷ്ണ തിരിച്ചെത്തിയ സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടിലെ ഒരിടവേള. ചിത്രത്തിന്റെ നട്ടെല്ല് ശാന്തി കൃഷ്ണ അവതരിപ്പിച്ച ഷീല ചാക്കോ തന്നെയയിരുന്നു. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണം ആയിരുന്നെങ്കിലും ഷീല ചാക്കോ എന്ന കഥാപാത്രം മികച്ച് നിന്നു. മികച്ച ഒരു സ്ത്രീ കഥാപാത്രം തന്നെയായിരുന്നു ഷീല ചാക്കോ.
C/O സൈറാബാനുവിലെ സൈറാബാനു
ആന്റണി സോണി സംവിധാനം ചെയ്ത C/O സൈറാബാനുവിലെ പ്രധാന കഥാപാത്രങ്ങൾ സൈറാബാനുവും മകൻ ജോഷ്വാ പീറ്ററും ആണ്. മഞ്ജു വാര്യരുടെ സൈറാബാനു മലയാളികൾക്ക് മറക്കാൻ ആകില്ല. ഓരോ രംഗവും അതിശയത്തോടേയും ആഹ്ലാദത്തോടെയും ആണ് കണ്ടത്. ഒരു സാധാരണ കുടുംബത്തിൽ പെട്ടന്നൊരുനാൾ വന്നുചേരുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ സൈറബാനു എന്ന കഥാപാത്രം നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്.
തൊണ്ടിമുതലിലെ കള്ളന്‍ പ്രസാദ്, ശ്രീജ, ഭര്‍ത്താവ് പ്രസാദ്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ കള്ളന്‍ പ്രസാദിനെ ഫഹദ് ഫാസില്‍ അനശ്വരമാക്കി. ഇത്രയും കള്ളത്തരം ഫഹദ് എവിടെ നിന്നും പഠിച്ചുവെന്ന് പോലും നിരൂപകർ ചോദിച്ചു.അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഫഹദിന്റേത്. പ്രസാദിന്റൊപ്പം മികച്ച് നിന്നിരുന്നു സുരാജിന്റെ പ്രസാദും നിമിഷാ സജയന്റെ ശ്രീജയും. നിരൂപക പ്രശംസയ്‌ക്കൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനും നേടിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും.
നവാഗതനായ അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നാമിനുങ്ങ്. സുരഭിയും റെബേക്കാ തോമസുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരഭിക്ക് ദേശീയ അവാർഡ് ലഭിച്ച ചിത്രമായിരുന്നു മിന്നാമിനുങ്ങ്. ഈ സിനിമയില്‍ സുരഭി അവതരിപ്പിക്കുന്ന ‘അമ്മ’ കഥാപാത്രത്തിന് പേരില്ല. ഒരു പേരിലെന്തിരിക്കുന്നു എന്നൊരു ചോദ്യമുയരുന്നുണ്ട് അവസാനം. ശക്തമായ അമ്മ വേഷമായിരുന്നു ചിത്രത്തിലേത്.
രക്ഷാധികാരി ബൈജുവിലെ ബൈജു
റിയലിസ്റ്റിക്കായ നാട്ടിന്‍പുറത്തെ കഥ പറഞ്ഞ സിനിമയായിരുന്നു രക്ഷാധികാരി ബൈജു. ബിജു മേനോനാണ് പ്രധാന കഥാപാത്രം. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
ആടിലെ ഷാജി പാപ്പന്‍ കൊച്ചു കുട്ടികളുടെ ഉള്‍പ്പെടെ ഇഷ്ട കഥാപാത്രമാണ്. ജയസൂര്യയുടെ ഷാജി പാപ്പനെ കേരളക്കര സ്വീകരിച്ചു കഴിഞ്ഞു. ഷാജി പാപ്പൻ മാസ് തന്നെയാണ്. മണ്ടത്തരങ്ങൾ കൊണ്ട് മാസ് തീർക്കുന്ന പാപ്പനെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു.