ആഫ്രിക്കൽ രാജ്യമായ മാലിയിൽ ഇരുപത്തഞ്ചുകാരി ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി മാലി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗർഭകാലത്ത് നടത്തിയ പരിശോധനയിൽ ഏഴ് കുഞ്ഞുങ്ങളാണ് യുവതിയുടെ ഉദരത്തിലുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാൽ ഈ നിഗമനത്തെ തെറ്റിച്ച് കൊണ്ടാണ് യുവതി ചൊവ്വാഴ്‌ച്ച 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഇതോടെ ഒറ്റ പ്രസവത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന അപൂര്‍വസൗഭാഗ്യം ഹലീമ സിസ്സെ എന്ന യുവതിയ്ക്ക് ലഭിച്ചു. മൊറോക്കോയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ജനിച്ചത്. നവജാതശിശുക്കളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നതായി മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു.
ഹലീമയുടെ അപൂര്‍വ ഗര്‍ഭം അധികൃതരുടേയും ശ്രദ്ധ നേടിയിരുന്നു. യുവതിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബാ നഡോയുടെ നിർദേശപ്രകാരം വിദഗ്ധചികിത്സയും പ്രത്യേക പരിഗണനയും ഉറപ്പാക്കാന്‍ ഹലീമയെയെ മൊറോക്കോയിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമ്മയും കുഞ്ഞുങ്ങളും മാലിയിലേക്ക് മടങ്ങിയെത്തുമെന്ന് മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു.