സവാരിക്കിടെ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്തതിന് യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ പരാതി. ഹൈദരാബാദ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ തന്നെ നോക്കി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതായി ഉമ ശര്‍മ്മ എന്ന യാത്രക്കാരിയാണ് പരാതിപ്പെടുന്നത്.
ഉമ ശര്‍മ തന്നെ സംഭവത്തിന്‍റെ വിശദവിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. “സവാരിക്കിടെ സ്വയംഭോഗം ചെയ്യുന്നത് തികച്ചും സാധാരണ കാര്യമെന്ന രീതിയിലാണ് ഡ്രൈവര്‍ പ്രതികരിച്ചത്” - എഫ്ബി പോസ്റ്റില്‍ ഉമ പറയുന്നു.
“സവാരിക്കിടെ കാറിന്‍റെ സ്പീഡ് കുറച്ച ശേഷം റിയര്‍വ്യൂ മിററിലൂടെ എന്നെ നോക്കിക്കൊണ്ട് ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് അയാള്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്താന്‍ ഞാന്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടു. അയാള്‍ സ്വയംഭോഗം തുടര്‍ന്നുകൊണ്ടുതന്നെ ശാന്തനായി ‘എന്താണ് കാര്യം?’ എന്ന് ചോദിച്ചു. വീണ്ടും ഞാന്‍ വണ്ടി നിര്‍ത്താന്‍ അലറിപ്പറഞ്ഞപ്പോഴാണ് മനസില്ലാ മനസോടെ അയാള്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായത്. വണ്ടിനിര്‍ത്തിയ ശേഷം അയാള്‍ ഒരു കുറ്റബോധവുമില്ലാതെ നിസംഗനായി എന്നെ നോക്കിനില്‍ക്കുകയായിരുന്നു” - ഉമ എഫ് ബി സ്റ്റാറ്റസില്‍ പറയുന്നു.
“അപരിചിതമായ ഒരു നഗരത്തില്‍ ഒറ്റയ്ക്കായ സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഭയപ്പെടുന്നു. പൊലീസില്‍ പരാതികൊടുക്കുമെന്ന് ഞാന്‍ അയാളോട് പറഞ്ഞിരുന്നു. അയാള്‍ക്ക് എന്നെ എന്തുതന്നെ ചെയ്യാന്‍ കഴിയില്ല എന്നുഞാന്‍ ഭയപ്പെടുന്നു. ഒരു കുറ്റബോധവുമില്ലാത്ത രീതിയില്‍ പെരുമാറിയ അയാള്‍ ഇതിനുമുമ്പും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാവും എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരുപക്ഷേ ഇതിലും മോശമായ രീതിയില്‍ മറ്റേതെങ്കിലും സ്ത്രീകളോട് പെരുമാറിയിട്ടുണ്ടാവുമെന്നും ഭയപ്പെടുന്നു” - ഉമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഉമ ശര്‍മ പറയുന്നു. ഡ്രൈവറായി നിയമിക്കുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ യൂബറിന്‍റെ നടപടിയെ വിമര്‍ശിക്കുന്ന ഉമ ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും വ്യക്തമാക്കുന്നു.